Thursday, May 16, 2024
keralaNews

ശബരിമല ക്ഷേത്രത്തില്‍ നട തുറന്നു.

ശബരിമല ക്ഷേത്ര നട തുറന്നു. തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി എന്‍.പരമേശ്വരന്‍ നമ്പൂതിരിയാണു മണ്ഡലകാല തീര്‍ഥാടനത്തിന് തുടക്കം കുറിച്ച് നട തുറന്നത്. തുടര്‍ന്നു പുതിയ ശബരിമല മേല്‍ശാന്തി കെ.ജയരാമന്‍ നമ്പൂതിരി, മാളികപ്പുറം മേല്‍ശാന്തി ഹരിഹരന്‍ നമ്പൂതിരി എന്നിവരെ പതിനെട്ടാംപടിക്കുതാഴെ സ്വീകരിച്ചു. അയ്യപ്പനെ കണ്ടുതൊഴാനായി ഭക്തരുടെ വലിയ തിരക്കാണു ശബരിമലയില്‍.

തന്ത്രി കണ്ഠര് രാജീവര് കലശം പൂജിച്ച് അഭിഷേകം ചെയ്താണു മേല്‍ശാന്തിമാരെ അവരോധിക്കുക. ഇന്ന് ഹരിവരാസനം പാടി നട അടച്ച് നിലവിലെ മേല്‍ശാന്തി എന്‍.പരമേശ്വരന്‍ നമ്പൂതിരി മലയിറങ്ങും. വൃശ്ചികം ഒന്നായ വ്യാഴാഴ്ച രാവിലെ നാലിനു പുതിയ മേല്‍ശാന്തിയാണു നട തുറക്കുക. ഈ മാസം 17 മുതല്‍ ഡിസംബര്‍ 27 വരെയാണ് മണ്ഡലകാലം. 27ന് ഉച്ചയ്ക്ക് തങ്ക അങ്കി ചാര്‍ത്തി മണ്ഡലപൂജ നടക്കും. മകരവിളക്ക് തീര്‍ഥാടനത്തിനായി ക്ഷേത്രനട ഡിസംബര്‍ 30ന് തുറക്കും. ജനുവരി 14ന് ആണ് മകരവിളക്ക്.