Wednesday, May 15, 2024
keralaNews

സമൃദ്ധിയുടെയും നന്മയുടെയും പൊന്നിന്‍ തിരുവോണത്തെ വരവേറ്റ് മലയാളികള്‍

        കേരള ബ്രേക്കിംഗ് ഓണ്‍ ലൈന്‍ ന്യൂസിന്റെ ഓണാശംസകള്‍ 

ഇന്ന് തിരുവോണം. പൊന്നിന്‍ തിരുവോണത്തെ വരവേറ്റ് ലോകമെമ്പാടുമുള്ള മലയാളികള്‍. നാടും നഗരവും മറുനാടന്‍ മലയാളികളും ആഘോഷ ലഹരിയിലാണ്. കാലം മാറിയാലും ആഘോഷത്തിന്റെ തനിമയ്ക്ക് മാറ്റമില്ല. പ്രതിസന്ധികളും ഇല്ലായ്മകളുമെല്ലാം മറന്നാണ് മലയാളികള്‍ ഓണദിനം ആഘോഷിക്കുന്നത്. പൊന്നോണ പൂവട്ടവുമായി പൂമുഖവും സദ്യവട്ടങ്ങളുമായി അടുക്കളയും തിരുവോണ നാളില്‍ ഒരുങ്ങി കഴിഞ്ഞു.  സമൃദ്ധിയുടെയും നന്മയുടെയും പൂവിളിയുമായെത്തിയ തിരുവോണം മലയാളിയ്ക്ക് ഒത്തുചേരലിന്റേയും ഓര്‍മപ്പെടുത്തലിന്റേയും ദിനം കൂടിയാണ്. സുവര്‍ണ്ണ കാലത്തെ ഹൃദയത്തോട് ചേര്‍ത്താണ് ഓരോ മലയാളിയും പൊന്നോണത്തെ വരവേല്‍ക്കുന്നത്. കള്ളവും ചതിയുമില്ലാതെ ഒരു കാലത്തിന്റെ ഓര്‍മ പുതുക്കുന്ന ദിനം. പുതുവസ്ത്രങ്ങള്‍ അണിഞ്ഞ്, കുടുംബാംഗങ്ങള്‍ ഒന്നു ചേര്‍ന്ന് ഓണസദ്യ കഴിച്ചും ഊഞ്ഞാലാടിയും മലയാളി ഈ ദിനത്തിന്റെ നിറസ്മരണകളും സന്തോഷവും പങ്കുവെയ്ക്കുന്നു. പാടത്തും പറമ്പിലും സ്വര്‍ണ്ണം വിളയിക്കുന്ന കര്‍ഷകര്‍ക്ക് ഓണം വിളവെടുപ്പിന്റെ ഉത്സവം കൂടിയാണ്. കൃഷിയും കാര്‍ഷിക സമൃദ്ധിയും പഴങ്കഥയായി മാറിയിട്ടും മലയാളിയുടെ ഓണാഘോഷങ്ങള്‍ക്ക് പൊലിമ ഒട്ടും കുറവില്ല. ലോകത്തിന്റെ ഏതറ്റത്തുമുള്ള മലയാളിയ്ക്കും ഓണം എന്നും ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഓര്‍മ്മ തന്നെയാണ്. അത്തം നാളില്‍ തുടങ്ങിയ ഒരുക്കങ്ങളാണ് തിരുവോണനാളായ ഇന്ന് പൂര്‍ണതയിലെത്തുന്നത്. ചരിത്ര പ്രസിദ്ധമായ എറണാകുളം തൃക്കാക്കര ക്ഷേത്രത്തില്‍ തിരുവോണ ദിനമായ ഇന്ന് വന്‍ ഭക്തജനതിരക്കാണ് അനുഭവപ്പെടുന്നത്. കേരളീയരുടെ ദേശീയ ഉത്സവമായ ഓണത്തിന്റെ പിറവി തൃക്കാക്കര ക്ഷേത്രത്തില്‍ നിന്നാണെന്നാണ് ഐതിഹ്യം. വാമനന്‍ മഹാബലിയെ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തിയത് ഇവിടെ വെച്ചാണെന്ന് വിശ്വസിക്കപ്പെടുന്നു. അതിനാല്‍ തിരുവോണ ദിവസം വന്‍ ഭക്തജന തിരക്കാണ് ഇവിടെ അനുഭവപ്പെടുക. തിരുവോണ ദിനമായ ഇന്ന് കേരളത്തിലെ ഏക വാമനമൂര്‍ത്തി ക്ഷേത്രമായ തൃക്കാക്കര ക്ഷേത്രത്തില്‍ തിരുവോണ മഹോത്സവം നടക്കും. രാവിലെ ഏഴരക്കാണ് മഹാബലി എതിരേല്‍പ്പ് ചടങ്ങ് നടക്കുക. തൃക്കാക്കരയില്‍ വച്ചാണ് മഹാബലിക്ക് വാമനന്‍ മോക്ഷം നല്‍കിയതെന്നാണ് വിശ്വാസം. ശ്രീബലിക്ക് ശേഷം പത്തരയോടെയാണ് നഗരസഭയുടെ നേതൃത്ത്വത്തില്‍ തിരുവോണ സദ്യ നടക്കുക.

                    ഓണം ആഘോഷിക്കുന്നവര്‍ക്കെല്ലാം                                                             കേരള ബ്രേക്കിംഗ് ന്യൂസിന്റെ ഓണാശംസകള്‍