Sunday, May 12, 2024
indiaNews

മംഗളൂരുവില്‍ നഴ്‌സിങ് കോളേജില്‍ ഭക്ഷ്യവിഷബാധ :ആശുപത്രികളില്‍ പ്രവേശിപ്പിച്ചതില്‍ കൂടുതലും മലയാളി വിദ്യാര്‍ഥികള്‍.

മംഗളൂരു: മംഗളൂരുവിലെ നഴ്‌സിങ് കോളേജില്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചതില്‍ കൂടുതലും മലയാളി വിദ്യാര്‍ഥികള്‍. നഴ്‌സിങ് കോളേജിലെ 150ഓളം വിദ്യാര്‍ഥികളെയാണ് കഴിഞ്ഞ ദിവസം വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്. പലരുടെയും ആരോഗ്യസ്ഥിതി മോശമാണെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു. ഹോസ്റ്റലില്‍ കഴിഞ്ഞ കുറച്ച് ദിവസമായി മോശം ഭക്ഷണമാണ് വിതരണം ചെയ്യുന്നതെന്നും വിദ്യാര്‍ഥികള്‍ ആരോപിച്ചു. പലതവണ പരാതിപ്പെട്ടിട്ടും നടപടിയുണ്ടായിട്ടില്ല.കഴിഞ്ഞ ദിവസം മൂന്ന് ഹോസ്റ്റലുകളില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്കാണ് ആരോഗ്യപ്രശ്‌നമുണ്ടായത്. മൂന്ന് ലേഡീസ് ഹോസ്റ്റലുകളിലെയും ഒരു മെന്‍സ് ഹോസ്റ്റലിലെയും ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ക്കാണ് ഭക്ഷ്യവിഷബാധയുണ്ടായത്.ചികിത്സ തേടിയവരില്‍ ഭൂരിഭാഗവും പെണ്‍കുട്ടികളാണ്. കോളേജ് നടത്തി വന്നിരുന്ന സ്വകാര്യ കാന്റീനില്‍ നിന്നാണ് ഭക്ഷണം ഹോസ്റ്റലുകളിലേക്ക് എത്തിച്ചിരുന്നത്. കേസ് ഒത്തുതീര്‍ക്കാനാണ് പൊലീസും കോളേജും ശ്രമിക്കുന്നതെന്നും കുട്ടികളുടെ ആരോപണം.ഗ്യാസ് സ്ട്രബിള്‍ കാരണമാണ് വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് കോളേജിന്റെ വാദം.കേസ് ഒത്തുതീര്‍ക്കാനാണ് ക്യാന്റീന്‍ അധികൃതരും കോളേജ് അധികൃതരും ശ്രമിക്കുന്നതെന്നും വിദ്യാര്‍ഥികള്‍ ആരോപിച്ചു.

ശക്തി നഗറിലെ സിറ്റി കോളേജ് ഓഫ് നഴ്സിംഗിലെ വിദ്യാര്‍ഥികളാണ് ചികിത്സ തേടിയത്. ഹോസ്റ്റലില്‍ നിന്ന് കഴിച്ച ഭക്ഷണത്തില്‍ നിന്നാണ് ഇവര്‍ക്ക് വിഷബാധയേറ്റത്. വയറുവേദന, വയറിളക്കം, ഛര്‍ദ്ദി തുടങ്ങിയ അസുഖമാണ് മിക്കവര്‍ക്കും ബാധിച്ചത്. തുടര്‍ന്ന് 137 വിദ്യാര്‍ത്ഥികളെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ 52 വിദ്യാര്‍ഥികള്‍ എ.ജെ. ഹോസ്പിറ്റലിലും 42 വിദ്യാര്‍ത്ഥികളെ കങ്കനാടി ഫാദര്‍ മുള്ളര്‍ ഹോസ്പിറ്റലിലും 18 വിദ്യാര്‍ത്ഥികളെ കെഎംസി ഹോസ്പിറ്റലിലും 4 പേരെ യൂണിറ്റി ഹോസ്പിറ്റലിലും എട്ട് വിദ്യാര്‍ത്ഥികളെ സിറ്റി ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചതായും അധികൃതര്‍ അറിയിച്ചു. വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റതായി സംശയിക്കുന്നതായി പൊലീസ് കമ്മീഷണര്‍ എന്‍.ശശികുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.തിങ്കളാഴ്ച രാവിലെ മുതല്‍ വിദ്യാര്‍ഥികള്‍ അസ്വസ്ഥരായിരുന്നു. ഞായറാഴ്ച രാത്രി ഹോസ്റ്റലില്‍ നിന്ന് കഴിച്ച ഭക്ഷണമാകാം കാരണമെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. തിങ്കളാഴ്ചയാണ് മിക്കവരെയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്. രാത്രി എട്ടരയോടെയാണ് സംഭവത്തെക്കുറിച്ച് ജില്ലാ ഭരണകൂടത്തെ അറിയിച്ചതെന്ന് ദക്ഷിണ കന്നഡ ഡിസി എം ആര്‍ രവി കുമാര്‍ പറഞ്ഞു.