Wednesday, May 15, 2024
keralaLocal NewsNewspolitics

ആറളം പഞ്ചായത്തിലെ വീര്‍പ്പാട് വാര്‍ഡില്‍ ഉപതെരഞ്ഞെടുപ്പ് തുടങ്ങി

അതീവ സുരക്ഷയില്‍ ആറളം പഞ്ചായത്തിലെ വീര്‍പ്പാട് വാര്‍ഡില്‍ ഉപതെരഞ്ഞെടുപ്പ് തുടങ്ങി. രാവിലെ ഏഴിന് മോക് പോളിങോെ തെരഞ്ഞെടുപ്പ് നടപടി തുടങ്ങി. 587 പുരുഷ വോട്ടര്‍മാരും 598 സ്ത്രീകളുമാണ് ആറളത്തുള്ളത്. യു. ഡി. എഫ്- എല്‍.ഡി. എഫ് തുല്യനിലയുള്ള ആറളത്ത് വിജയിക്കുന്നവര്‍ പഞ്ചായത്ത് ഭരണം നിയന്ത്രിക്കും.

തെരഞ്ഞെടുപ്പ് നീതിപൂര്‍വ്വകമായി നടത്താനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് റൂറല്‍ എസ്പി നവനീത് ശര്‍മ അറിയിച്ചു. ഇരിട്ടി ഡി.വൈ. എസ്. പി പ്രിന്‍സ് എബ്രഹാമിന്റെ നേതൃത്വത്തില്‍ അഞ്ച് ഇന്‍സ്‌പെക്ടര്‍മാര്‍ക്കാണ് ബൂത്തിനകത്തും പുറത്തുമായി ചുമതല നല്‍കിയിട്ടുള്ളത്. വോട്ടര്‍മാരെ തടയാനോ തിരിച്ചറിയല്‍ കാര്‍ഡ് തട്ടിയെടുക്കാനോ ശ്രമിച്ചാല്‍ ഉടന്‍ അറസ്റ്റു ചെയ്യാന്‍ എസ്. പി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 1185 വോട്ടര്‍മാരാണ് ഇവിടെയുള്ളത്. വെളിമാനം സെന്റ്‌സെബാസ്റ്റ്യന്‍സ് യു.പി സ്‌കൂള്‍, വേള്‍ഡ് വിഷന്‍ ഹാള്‍ ഉള്‍പ്പെടെ രണ്ടു ബൂത്തുകളാണുള്ളത്. പ്രശ്‌നസാധ്യത മുന്‍കൂട്ടി കണ്ടു കൊണ്ടു മുഴുവന്‍ സമയ വീഡിയോ റെക്കാര്‍ഡിങ്് സൗകര്യങ്ങള്‍ ബൂത്തിനകത്ത് സജ്ജീകരിച്ചിട്ടുണ്ട്. വൈകുന്നേരം ആറുമണിക്ക് വോട്ടെടുപ്പ് അവസാനിക്കും. ബൂത്തിനുള്ളില്‍ മൊബൈല്‍ ഫോണ്‍ നിരോധിച്ചിട്ടുണ്ട്. നാളെ വെളിമാനം സെന്റ് സെബാസ്റ്റ്യന്‍സ് യുപി സ്‌കൂളില്‍ രാവിലെ പത്തുമണിമുതലാണ് വോട്ടേണ്ണല്‍ നടത്തുക. കണ്ണൂര്‍ ജില്ലയിലെ മാവോയിസറ്റ് ഭീഷണിയുള്ള പഞ്ചായത്തുകളിലൊന്നാണ് ആറളം ഗ്രാമപഞ്ചായത്ത്.

ആറളം പഞ്ചായത്തിലെ വീര്‍പ്പാട് പത്താം വാര്‍ഡില്‍ നിന്നും വിജയിച്ച സി പി എമ്മിലെ ബേബി ജോണ്‍ പൈനാപ്പള്ളി കോവിഡ് ബാധിച്ച് മരിച്ചതിനെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. പഞ്ചായത്ത് ഭരണ സമിതിയില്‍ നിലവില്‍ ഇരു കക്ഷികള്‍ക്കും തുല്യമായ സീറ്റാണ് ഉള്ളത്. 17 അംഗ ഭരണ സമിതിയില്‍ ഒഴിവു വന്ന വാര്‍ഡ് ഒഴിച്ച് എല്‍ ഡി എഫിനും യു ഡി എഫിനും എട്ടു വീതം അംഗങ്ങളുടെ പിന്‍തുണയാണ് ഉള്ളത്. നറുക്കെടുപ്പിലൂടെ എല്‍ ഡി എഫാണ് ഇപ്പോള്‍ ഭരണം നടത്തുന്നത്. വര്‍ഷങ്ങളായി യു ഡി എഫ് ഭരിച്ചുകൊണ്ടിരുന്ന പഞ്ചായത്താണ് ആറളം. അന്തരിച്ച വാര്‍ഡ്അംഗം ബേബിജോണ്‍ പൈനാപ്പള്ളി 7 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചിരുന്നത് . പഞ്ചായത്ത് ഭരണം ഈ വാര്‍ഡ് അംഗത്തിന്റെ വിജയത്തിനൊപ്പം മാറി മറിയും എന്നിരിക്കേ ഇരുമുന്നണികള്‍ക്കും തിരഞ്ഞെടുപ്പ് ഫലം നിര്‍ണ്ണായകമാണ്. അതുകൊണ്ട് തന്നെ കടുത്ത മത്സരം വാര്‍ഡില്‍ നടക്കുമെന്നാണ് വിലയിരുത്തല്‍.എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയായി യു.കെ. സുധാകരന്‍ , യു ഡി എഫ് സ്ഥാനാര്‍ത്ഥിയായി സുരേന്ദ്രന്‍ പാറക്കത്താഴത്ത് , ബിജെപി സ്ഥാനാര്‍ത്ഥിയായി എ.കെ. അജയകുമാര്‍ എന്നിവരാണ് പ്രധാനമായി മത്സര രംഗത്തുള്ളത്