Sunday, May 19, 2024
indiaNews

ദ്വീപിന്റെ ഭാവി സുരക്ഷിതമാക്കാനാണ് പുതിയ പരിഷ്‌കാരങ്ങള്‍ ലക്ഷദ്വീപ് കലക്ടര്‍ എസ്. അസ്‌കര്‍ അലി.

കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപില്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന പരിഷ്‌കാരങ്ങളെയും മാറ്റങ്ങളെയും പിന്തുണച്ചും വികസന പദ്ധതികള്‍ വിശദീകരിച്ചും കലക്ടര്‍ എസ്. അസ്‌കര്‍ അലി. ദ്വീപില്‍ ഗോവധ നിരോധനം നടപ്പാക്കി എന്നു സമ്മതിച്ച അദ്ദേഹം ദ്വീപിന്റെ ഭാവി സുരക്ഷിതമാക്കാനാണ് പുതിയ പരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്നതെന്നും വിശദീകരിച്ചു. അവിടെ നടക്കുന്നത് വികസന പ്രവര്‍ത്തനങ്ങളാണെന്നും അദ്ദേഹം അവകാശപ്പെട്ടു.മദ്യ ലൈസന്‍സ് അനുവദിച്ചത് ടൂറിസം വികസനത്തിനു വേണ്ടിയാണ്. ലക്ഷദ്വീപില്‍ മയക്കു മരുന്ന് ഉപയോഗവും കുറ്റകൃത്യങ്ങളും വര്‍ധിക്കുകയാണ്. അതു തടയുന്നതിനാണ് നിയമം കൊണ്ടു വന്നത്. ഒഴിപ്പിച്ചത് അനധികൃത കയ്യേറ്റങ്ങളാണ്. മറിച്ചു പ്രചാരണം നടത്തുന്നത് സ്ഥാപിത താല്‍പര്യക്കാരാണ്. സ്ത്രീകള്‍ക്കു വേണ്ടി ഭരണകൂടം സ്വാശ്രയ പദ്ധതികള്‍ ആരംഭിച്ചിട്ടുണ്ട്. ലക്ഷദ്വീപില്‍ മാതൃകാ മത്സ്യഗ്രാമം സൃഷ്ടിക്കും. മികച്ച നിലവാരത്തിലുള്ള ഇന്റര്‍നെറ്റ് പദ്ധതി പൂര്‍ത്തിയാക്കും.

കോവിഡ് വ്യാപനം തടയുന്നതിനാണ് എസ്ഒപി പരിഷ്‌കാരം നിയമവിധേയമാക്കിയത്. വാക്‌സിനേഷന്‍ നടപടികള്‍ ത്വരിതഗതിയില്‍ പുരോഗമിക്കുകയാണ്. കോവിഡ് മുന്‍നിര പോരാളികള്‍ക്കെല്ലാം ഇതിനകം വാക്‌സീന്‍ നല്‍കിയിട്ടുണ്ട്. ആരോഗ്യമേഖലയെ സ്വയംപര്യാപ്തമാക്കാന്‍ കൂടുതല്‍ ആശുപത്രികള്‍ സ്ഥാപിക്കും. കവരത്തിയിലും മിനിക്കോയിയിലും പുതിയ ആശുപത്രികള്‍ സ്ഥാപിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ട്. പുതിയ ഓക്‌സിജന്‍ പ്ലാന്റ് സ്ഥാപിക്കും. അഗത്തി വിമാനത്താവളം നവീകരിക്കും മികച്ച ആരോഗ്യ സംവിധാനങ്ങള്‍ കൊണ്ടു വരുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കൊച്ചിയില്‍ എത്തിയ ലക്ഷദ്വീപ് കലക്ടര്‍ക്കെതിരെ ലോക്ഡൗണ്‍ ചട്ടങ്ങള്‍ ലംഘിച്ച് പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ, സിപിഐ പ്രവര്‍ത്തകര്‍ രംഗത്തെത്തി. കരിങ്കൊടി കാണിക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി.