Friday, May 17, 2024
keralaNews

കാറില്‍ കടത്തുകയായിരുന്ന 25 കിലോ കഞ്ചാവുമായി മൂന്ന് പേര്‍ പിടിയില്‍

പാലക്കാട് -കോഴിക്കോട് ദേശീയപാതയില്‍ സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്സ്മെന്റ് നടത്തിയ പരിശോധനയില്‍ 25 കിലോ കഞ്ചാവുമായി മൂന്ന് പേര്‍ പിടിയില്‍. ഗഘ 08 അഝ 3900 നമ്ബര്‍ ബൊലേറോ വാനിലാണ് കഞ്ചാവ് കടത്തിയിരുന്നത്. മലപ്പുറം കാളിക്കാവ് ചെങ്കോട് തെക്കഞ്ചേരി വീട്ടില്‍ റിനീഷ് (29), കൊണ്ടോട്ടി കാഞ്ഞിരപ്പറമ്പ് തൊട്ടിയില്‍ വീട്ടില്‍ ഫര്‍ഷാദ് (28), വെള്ളയൂര്‍ ആമപുയില്‍ ഇരഞ്ഞിയില്‍ വീട്ടില്‍ മുഹമ്മദ് ഫെബിന്‍ (30) എന്നിവരാണ് പിടിയിലായത്.

ആന്ധ്രയില്‍ നിന്ന് കഞ്ചാവ് കാറില്‍ കാളികാവ് കൊണ്ടു പോകവേ ആണ് ഇവര്‍ പിടിയില്‍ ആയത്. സ്റ്റപ്പിനി ടയറിനുള്ളിലും എഞ്ചിന്‍ റൂമിനുള്ളിലും ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. സ്‌ക്വാഡിന്റെ ചുമതലയുള്ള സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി അനികുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് പരിശോധന നടത്തിയതെന്ന് എക്‌സൈസ് എന്‍ഫോഴ്സ്മെന്റ് അറിയിച്ചു.

പരിശോധന നടത്തിയ സംഘത്തില്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി അനികുമാറിനെ കൂടാതെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജി കൃഷ്ണ കുമാര്‍, എക്‌സൈസ് ഇന്‍സ്പെക്ടര്‍ ടി ആര്‍ മുകേഷ് കുമാര്‍, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്പെക്ടര്‍ എസ് മധുസൂദനന്‍ നായര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ മുഹമ്മദ് അലി, എം. എം അരുണ്‍ കുമാര്‍, അഖില്‍.എന്‍. എല്‍, പി സുബിന്‍, ഷംനാദ് എസ്, ആര്‍ രാജേഷ്, എക്‌സ്സൈസ് ഡ്രൈവര്‍ രാജീവ് എന്നിവരും ഉണ്ടായിരുന്നു. തുടര്‍ നടപടികള്‍ക്കായി ഇവര്‍ സഞ്ചരിച്ചു വന്ന വാനും തൊണ്ടി മുതലുകളും പ്രതികളെയും മണ്ണാര്‍ക്കാട് എക്‌സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ എസ്.ബാലഗോപാലന് കൈമാറി.