Wednesday, May 22, 2024
keralaNews

കേരളത്തില്‍ ലോക്ഡൗണ്‍ വീണ്ടും നീട്ടി.

കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി കേരളത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ വീണ്ടും നീട്ടി. ജൂണ്‍ 16 വരെയാണു ലോക്ഡൗണ്‍ നീട്ടിയത്. നിലവിലുള്ള നിയന്ത്രണങ്ങളെല്ലാം തുടരും.ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇനിയും താഴാതെ ഇളവ് നല്‍കാന്‍ സാധിക്കില്ലെന്നാണ് വിദഗ്ദ്ധ സമിതിയുടെ നിര്‍ദ്ദേശം. ഇത് പ്രകാരമാണ് സര്‍ക്കാര്‍ തീരുമാനം.

വെള്ളിയാഴ്ച കൂടുതല്‍ കടകള്‍ തുറക്കാം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണു തീരുമാനം.

രോഗസ്ഥിരീകരണ നിരക്ക് (ടിപിആര്‍) 10ല്‍ താഴെയെത്തിയ ശേഷം ലോക്ഡൗണ്‍ പൂര്‍ണമായി പിന്‍വലിച്ചാല്‍ മതിയെന്നാണു വിദഗ്‌ധോപദേശം. എന്നാല്‍, രോഗലക്ഷണങ്ങളുള്ളവര്‍ മാത്രം പരിശോധനയ്ക്കു വരുന്നതിനാലാണു ടിപിആര്‍ കൂടുന്നത് എന്നതിനാല്‍ ലോക്ഡൗണില്‍ ഇളവുകള്‍ നല്‍കാമെന്ന നിര്‍ദേശവുമുയര്‍ന്നു. ജനജീവിതം സ്തംഭിച്ചതിനാല്‍ രോഗവ്യാപനം കൂടുതലുള്ള മേഖലകളില്‍ മാത്രം നിയന്ത്രണങ്ങള്‍ തുടരുക എന്ന അഭിപ്രായവും ഉയര്‍ന്നിരുന്നു.

രണ്ടാം തരംഗത്തില്‍ ടിപിആര്‍ 30ല്‍ നിന്ന് 15ലേക്ക് വളരെപ്പെട്ടെന്നു കുറഞ്ഞുവെങ്കിലും അതിനു ശേഷം കാര്യമായ കുറവുണ്ടായില്ല. തുടര്‍ന്നാണു നിബന്ധനകള്‍ കര്‍ശനമാക്കിയത്. ഇതിലെ ആശയക്കുഴപ്പം കാരണം പലയിടത്തും പൊലീസും ജനങ്ങളും തമ്മില്‍ തര്‍ക്കമുണ്ട്. നിയന്ത്രണം കര്‍ശനമാക്കിയ ഉത്തരവിലെ അവ്യക്തതയും ആശയക്കുഴപ്പവും നീക്കാന്‍ കാര്യമായ നടപടികള്‍ ഉണ്ടായില്ല.