Tuesday, May 14, 2024
keralaNewspolitics

ഭരണകക്ഷിയുടെ കേന്ദ്രമാക്കി സര്‍വകലാശാലകളെ മാറ്റാന്‍ അനുവദിക്കില്ലെന്ന് ഗവര്‍ണര്‍

ന്യൂഡല്‍ഹി: തന്റെ മേല്‍ സമ്മര്‍ദ്ദം ചെലുത്താമെന്ന് കരുതേണ്ടെന്നും പ്രതിഷേധിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. എല്‍ഡിഎഫിന്റെ രാജ്ഭവന്‍ മാര്‍ച്ചിനെ കുറിച്ചുള്ള മാദ്ധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ ഇടപെടല്‍ ഉണ്ടാകില്ലെന്ന് തനിക്ക് പല തവണ വാക്ക് തന്നിരുന്നു, എന്നാല്‍ സ്ഥിരമായി രാഷ്ട്രീയ ഇടപെടല്‍ നടക്കുന്നുണ്ട്. രാജ്യത്ത് എല്ലായിടത്തും സര്‍വകലാശാലകളുടെ നടത്തിപ്പ് ചാന്‍സലര്‍ക്കാണ്. താന്‍ സര്‍ക്കാരിന്റെ കാര്യത്തില്‍ അനാവശ്യമായി ഇടപെടല്‍ നടത്തിയതിന്റെ കാര്യത്തില്‍ ഒരു ഉദാഹരണമെങ്കിലും പറയട്ടെ, ആ നിമിഷം രാജി വയ്ക്കും. അതേസമയം സര്‍ക്കാര്‍ നടത്തിയ ആയിരത്തിലധികം അനധികൃത ഇടപെടലുകള്‍ കാണിച്ചു തരാന്‍ സാധിക്കും. സര്‍ക്കാര്‍ ഒട്ടേറെ തവണ സര്‍വകലാശാലകളില്‍ നിയമവിരുദ്ധ ഇടപെടലുകള്‍ നടത്തി. ഭരണകക്ഷിയുടെ കേന്ദ്രമാക്കി സര്‍വകലാശാലകളെ മാറ്റാന്‍ അനുവദിക്കില്ല. ചാന്‍സലര്‍ എന്ന നിലയില്‍ വിദ്യാര്‍ത്ഥികളുടെ ഭാവിയെപ്പറ്റിയാണ് താന്‍ ആശങ്കപ്പെടുന്നത്. ഉന്നത വിദ്യാഭ്യാസത്തിനായി വിദ്യാര്‍ത്ഥികള്‍ കേരളം വിടുകയാണ്. കേരളത്തിലെ സ്‌കൂള്‍ വിദ്യാഭ്യാസം മികച്ചതാണ്. എന്നാല്‍ സര്‍വകലാശാലകളുടെ സ്ഥിതി അതല്ല. രാഷ്ട്രീയ ഇടപെടല്‍ ശക്തമാണെന്നത് ഞാന്‍ പറയുന്ന കാര്യമല്ല. സമ്മര്‍ദ്ദം ചെലുത്തി എന്തെങ്കിലും നേടാമെന്ന് ആരും കരുതേണ്ട. ഭരണഘടനാ ഉത്തരവാദിത്തത്തില്‍ നിന്ന് ഒരിക്കലും പിന്മാറില്ല. കോടതി വിധികളെ എല്ലാവരും മാനിക്കണം. അത് നമ്മുടെ ചുമതലയാണ്. ഇത് വ്യക്തിപരമായ യുദ്ധമല്ല. എനിക്കാരോടും വ്യക്തിപരമായ വിരോധമില്ല. നിയമവിരുദ്ധമായി സര്‍വകലാശാലകളുടെ കാര്യത്തില്‍ ഇടപെടാന്‍ അനുവദിക്കില്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. അതേസമയം ഡല്‍ഹിക്ക് പോകുന്നത് വരെ സര്‍ക്കാരിന്റെ ഒരു ഓര്‍ഡിനന്‍സും തനിക്ക് കിട്ടിയിട്ടില്ലെന്നും, കിട്ടാത്ത കാര്യത്തെ കുറിച്ച് പ്രതികരിക്കാനില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.