Tuesday, May 14, 2024
keralaNews

പൊതു വേദിയില്‍ അഭിപ്രായം പറഞ്ഞത് മന്ത്രിയുടെ അനുവാദത്തോടെയാണെന്ന്: നടന്‍ ജയസൂര്യ.

റോഡുകളുടെ ശോച്യാവസ്ഥകളെക്കുറിച്ച് പൊതു വേദിയില്‍ അഭിപ്രായം പറഞ്ഞത് മന്ത്രി മുഹമ്മദ് റിയാസിന്റെ അനുവാദത്തോടെയാണെന്ന് നടന്‍ ജയസൂര്യ. വേദിയില്‍ പറഞ്ഞ എല്ലാ കാര്യങ്ങള്‍ക്കും പ്രതിവിധി ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. മന്ത്രിയുടെ പ്രവര്‍ത്തനങ്ങള്‍ ആത്മാര്‍ത്ഥതയുള്ളതാണെന്നും അഭിമാനവും പ്രതീക്ഷയും ഉണ്ടെന്നും ജയസൂര്യ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം:

ജീവിതത്തിലെ നല്ലൊരു ശതമാനം റോഡില്‍ ചെലവഴിക്കുന്നവരാണ് നാമെല്ലാവരും. പലപ്പോഴും റോഡുകളുടെ ശോചനീയാവസ്ഥ കാണുമ്പോള്‍ നമ്മള്‍ പ്രതികരിച്ചു പോകാറുണ്ട്. അത്തരത്തിലുള്ള പ്രതികരണങ്ങള്‍ ഒരു പൗരന്‍ എന്ന നിലയില്‍ സ്വാഭാവികമായും നമ്മുടെ ഉള്ളില്‍നിന്ന് പുറത്തുവന്നു പോകുന്നവയാണ്. ഞാനും പ്രതികരിക്കാറുണ്ട്. അതിന് അനുകൂലമോ പ്രതികൂലമോ ആയ ധാരാളം അഭിപ്രായങ്ങളും ഞാന്‍ സമൂഹത്തില്‍നിന്ന് കേട്ടിട്ടുണ്ട്.രണ്ടുദിവസം മുമ്പ് ബഹുമാനപ്പെട്ട പൊതുമരാമത്ത് മന്ത്രി ശ്രീ മുഹമ്മദ് റിയാസ് വിളിച്ചു, ഒരു പരിപാടിയില്‍ പങ്കെടുക്കാമോ എന്ന് ചോദിച്ചു. ഞാന്‍ വളരെയധികം ശ്രദ്ധിക്കുന്ന ഒരു വ്യക്തിത്വമാണ് ശ്രീ മുഹമ്മദ് റിയാസ്. ആത്മാര്‍ത്ഥമായി നാടിന് മാറ്റം വരണം എന്ന് ചിന്തിക്കുന്ന ഒരു യുവത്വത്തെ അദ്ദേഹത്തില്‍ കാണാന്‍ എനിക്ക് സാധിച്ചിട്ടുണ്ട് . അതുകൊണ്ടുതന്നെ പരിപാടിയില്‍ പങ്കെടുക്കാം എന്നു മറുപടി പറയാന്‍ ഒട്ടും താമസിക്കേണ്ടി വന്നില്ല. ഇന്ന് രാവിലെ അദ്ദേഹത്തിന്റെ കുടുംബവും ഒന്നിച്ച് പ്രഭാത ഭക്ഷണം കഴിച്ചു പരിപാടിക്ക് പോകുന്നതിനിടയില്‍ ഞാന്‍ ചോദിച്ചു, ഞാന്‍ എന്റെ ഉള്ളില്‍ തോന്നുന്നത് വേദിയില്‍ പറഞ്ഞോട്ടെ? അദ്ദേഹത്തിന്റെ മറുപടി നിങ്ങള്‍ ഉള്ളില്‍ തോന്നിയത് പറയും എന്നുള്ളതുകൊണ്ടാണ് നിങ്ങളെ വിളിച്ചത്, നാടിന് മാറ്റം വരണം, തെറ്റുകള്‍ ചൂണ്ടിക്കാട്ടപ്പെടണം. ആ വാക്കുകള്‍ ഞാന്‍ മുന്നേ സൂചിപ്പിച്ചതുപോലെ ആത്മാര്‍ത്ഥതയുടെ ശബ്ദമായിരുന്നു.