Sunday, May 19, 2024
Newspoliticsworld

ഇസ്ലാമാബാദ് ഹൈക്കോടതിയെ സമീപിക്കാമെന്നും സുപ്രീംകോടതി

കറാച്ചി: പാക് മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാനെ മോചിപ്പിക്കാന്‍ സുപ്രീം കോടതി ഉത്തരവ്. അറസ്റ്റ് നിയമവിരുദ്ധമാണെന്ന് പാക് സുപ്രീം കോടതി വ്യക്തമാക്കി. ഇമ്രാന് ഇസ്ലാമാബാദ് ഹൈക്കോടതിയെ സമീപിക്കാമെന്നും സുപ്രീംകോടതി പറഞ്ഞു. ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്ത രീതിയിലാണ് സുപ്രീം കോടതി അതൃപ്തി പ്രകടിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ഇസ്ലാമാബാദ് ഹൈക്കോടതിയില്‍ മറ്റൊരു കേസില്‍ ഹാജരാകുന്നതിനിടെക്കാണ് പാകിസ്ഥാന്‍ അര്‍ദ്ധ സൈനിക വിഭാഗമായ പാക് റേയ്‌ഞ്ചേഴ്‌സ് ഇമ്രാന്‍ ഖാനെ കസ്റ്റഡിയില്‍ എടുത്തത്. ഇന്ന് സുപ്രീം കോടതിയില്‍ ഹാജരാക്കാന്‍ ഉത്തരവുണ്ടായിരുന്നു. കസ്റ്റഡിയിലെടുത്ത പൊലീസ് തന്നെ ലാത്തി കൊണ്ട് മര്‍ദ്ദിച്ചുവെന്ന് ഇമ്രാന്‍ ഖാന്‍ കോടതിയില്‍ വെളിപ്പെടുത്തി. ഇമ്രാന്‍ ഖാന്റെ അറസ്റ്റിന് പിന്നാലെ പാകിസ്ഥാനില്‍ കലാപം പൊട്ടിപ്പുറപ്പെടുകയും ആക്രമണത്തില്‍ ഇമ്രാന്റെ പാര്‍ട്ടിയായ പാകിസ്ഥാന്‍ തെഹ്‌രി ഇ-ഇന്‍സാഫ് പ്രവര്‍ത്തകരായ രണ്ട് പേര്‍ ക്വറ്റയില്‍ പൊലീസ് നടത്തിയ വെടിവയ്പ്പില്‍ കൊല്ലപ്പെട്ടു. വിവിധ സ്ഥലങ്ങളില്‍ പൊലീസുമായി പ്രതിഷേധക്കാര്‍ ഏറ്റുമുട്ടി. 20ലേറെ പേര്‍ക്ക് പരിക്കേറ്റതായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. റാവല്‍പിണ്ടിയിലെ സൈനിക കേന്ദ്രവും പ്രതിഷേധക്കാര്‍ കയ്യേറി. ഇസ്ലമാബാദിനും, കറാച്ചിക്കും പുറമെ പഞ്ചാബ് പ്രവിശ്യയിലും നിരോധനാജ്ഞ പുറപ്പെടുവിച്ചു. ഇന്റര്‍നെറ്റ് ബന്ധം വിഛേദിച്ചു. സര്‍ക്കാര്‍ ഓഫീസുകള്‍ പ്രതിഷേധക്കാര്‍ കൈയ്യേറി. നാടകീയ രംഗങ്ങള്‍ക്കാണ് ഇസ്ലാമാബാദിലെ കോടതി പരിസരം സാക്ഷ്യം വഹിച്ചത്. അഴിമതിക്കേസില്‍ ഹാജരാകാനായി വന്‍ വാഹനവ്യൂഹവുമായി ഉച്ച തിരിഞ്ഞ് ഇമ്രാന്‍ കോടതിയിലേക്ക് പുറപ്പെട്ടു. കോടതി മുറിയിലേക്കെത്തിയ ഇമ്രാനെ അവിടെ നിന്ന് പാക് റെയ്‌ഞ്ചേഴ്‌സ് കസ്റ്റഡിയിലെടുത്തു. പിന്നാലെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി. പ്രധാനമന്ത്രിയായിരിക്കെ വിദേശത്ത് നിന്ന് ലഭിച്ച സമ്മാനങ്ങള്‍ വിറ്റ് ലക്ഷങ്ങള്‍ സമ്പാദിച്ചെന്ന കേസും റിയല്‍ എസ്റ്റേറ്റ് അഴിമതിയിടപാടുകളും ഉള്‍പ്പെടെ അറുപതിലേറെ കേസുകള്‍ അധികാരത്തില്‍ നിന്ന് പുറത്ത് പോയതിന് പിന്നാലെ ഇമ്രാനെതിരെ ചുമത്തിയിരുന്നു. തനിക്കെതിരെ പട്ടാളം ഗൂഡാലോചന നടത്തുന്നുവെന്ന് ഇമ്രാന്‍ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു അറസ്റ്റ്.