Friday, May 17, 2024
keralaNews

ആനക്കൊമ്പുമായി രണ്ടുപേര്‍ അറസ്റ്റില്‍

ഇടുക്കി: ആനക്കൊമ്പ് വില്‍ക്കാന്‍ കൊണ്ടുപോകുന്നതിനിടെ രണ്ടുപേര്‍ പിടിയില്‍. തമിഴ്നാട്ടിലെ കമ്പത്ത് വെച്ചാണ് പ്രതികള്‍ പിടിയിലായത്. തേനി ഗൂഡല്ലൂര്‍ കന്നികാളിപുരം സ്വദേശി സുരേഷ് കണ്ണന്‍, അണക്കര കടശികടവ് സ്വദേശി മുകേഷ് കണ്ണന്‍ എന്നിവരാണ് ആനക്കൊമ്പുകളുമായി കമ്പത്ത് സെന്‍ട്രല്‍ വൈല്‍ഡ് ലൈഫ് ക്രൈം കണ്‍ട്രോള്‍ ബ്യൂറോയുടെ പിടിയിലായത്.
തേനിയില്‍ ആനക്കൊമ്പ് വ്യാപാരം നടത്തുന്നതായി കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് വിവരം ലഭിച്ചിരുന്നു. ഇന്‍സ്‌പെക്ടര്‍ രവീന്ദ്രന്റെ നേതൃത്വത്തില്‍ കമ്പം വെസ്റ്റ് റെയ്ഞ്ച് വാര്‍ഡന്‍ സ്റ്റാലിനും വനംവകുപ്പ് ഉദ്യോഗസ്ഥരും ബുധനാഴ്ച രാത്രി കമ്പം- കുമളി റോഡില്‍ വാഹന പരിശോധന നടത്തിയിരുന്നു. കര്‍ണാടക രജിസ്ട്രേഷനിലുള്ള ബൈക്കിലായിരുന്നു പ്രതികള്‍ എത്തിയത്. പ്രതികളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയതോടെ ഉദ്യോഗസ്ഥര്‍ യുവാക്കളുടെ കൈവശമിരുന്ന ബാഗ് പരിശോധിച്ചപ്പോഴാണ് കൊമ്പ് കണ്ടെത്തിയത. മൂന്ന് കൊമ്പുകളാണ് ഇവരുടെ പക്കല്‍ നിന്നും പിടികൂടിയത്. ഇതില്‍ രണ്ടെണ്ണം വലുതും ഒരെണ്ണം ചെറുതുമായിരുന്നു. പ്രതികളെ കമ്പം വനം വകുപ്പ് ഓഫീസിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തു. ആനക്കൊമ്പുകള്‍ വില്‍പ്പനക്കായി കേരളത്തിലേയ്ക്ക് കൊണ്ടു വരികയായിരുന്നു എന്നാണ് പ്രതികള്‍ മൊഴി നല്‍കിയത്. യുവാക്കള്‍ക്ക് ആനക്കൊമ്പ് എവിടെ നിന്നാണ് ലഭിച്ചതെന്നും ആനക്കൊമ്പ് കച്ചവടത്തില്‍ കൂടുതല്‍പ്പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നുള്ള കാര്യത്തിലും വനംവകുപ്പ് അന്വേഷണം ഊര്‍ജ്ജിതമാക്കി.