Saturday, May 18, 2024
EntertainmentkeralaNews

പാര്‍വതിയുടെ രാജി പ്രതികരണവുമായി ഇടവേള ബാബു.

താരസംഘടനയായ ‘അമ്മ’യില്‍ നിന്ന് നടി പാര്‍വതി തിരുവോത്ത് രാജി വെച്ചതിന് പിന്നാലെ പ്രതികരണവുമായി ഇടവേള ബാബു. താന്‍ ആരെയും അധിക്ഷേപിച്ചിട്ടില്ലെന്നും അഭിമുഖത്തിലെ തന്റെ പരാമര്‍ശം പാര്‍വതി തെറ്റിദ്ധരിച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി. അമ്മ നിര്‍മിക്കുന്ന ട്വിന്റി-ട്വിന്റി മോഡല്‍ സിനിമയില്‍ ഭാവനയുണ്ടാകുമോ എന്ന ചോദ്യത്തിന് ഇടവേള ബാബു നല്‍കിയ മറുപടി വിവാദമായിരുന്നു. മരിച്ച് പോയവരെ തിരിച്ച് കൊണ്ടുവരാനാകില്ലെന്നും അതുപോലെ രാജി വച്ചവരും സിനിമയില്‍ ഉണ്ടാകില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

ഇതിന് പിന്നാലെ താന്‍ ‘അമ്മ’യില്‍ നിന്ന് രാജി വെക്കുന്നതായി നടി പാര്‍വ്വതി തിരുവോത്ത് ഫേസ്ബുക്കിലൂടെയാണ് അറിയിച്ചത്. ആലങ്കാരികമായി പറഞ്ഞതല്ലേ എന്ന് അദ്ദേഹം കരുതുന്നുണ്ടാവും. പക്ഷെ അത് കാണിക്കുന്നത് അയാളുടെ അറപ്പുളവാക്കുന്ന മനോഭാവത്തെയാണ്. അയാളോട് പുച്ഛം മാത്രമാണ് ഉള്ളത്. മാധ്യമങ്ങള്‍ ഈ പരാമര്‍ശം ചര്‍ച്ച ചെയ്തു തുടങ്ങുന്ന നിമിഷം മുതല്‍ അയാളെ അനുകൂലിച്ച് മറ്റു പല സംഘടനാ അംഗങ്ങളും വരും. കാരണം സ്ത്രീകളുമായി ബന്ധപ്പെട്ട ഏതൊരു പ്രശ്‌നവും നിങ്ങള്‍ കൈകാര്യം ചെയ്ത അതേ മോശമായ രീതിയിലാണ് ഇതും സംഭവിക്കുക എന്ന് എനിക്ക് ഉറപ്പുണ്ടെന്നും നടി വ്യക്തമാക്കിയിരുന്നു.