Saturday, May 18, 2024
keralaNews

നിഖില്‍ തോമസിന്റെ എം.കോം പ്രവേശനം റദ്ദാക്കാന്‍ കേരള വിസി ഉത്തരവിട്ടു

കായംകുളം എംഎസ്എം കോളേജില്‍ കലിംഗ സര്‍വകലാശാലയുടെ വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ച് ബിരുദാനന്തര ബിരുദത്തിന് ചേര്‍ന്ന എസ്എഫ്ഐ മുന്‍ ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗം നിഖില്‍ തോമസിനെതിരെ നടപടിയുമായി കേരള സര്‍വകലാശാല. നിഖില്‍ തോമസിന്റെ എം.കോം പ്രവേശനം റദ്ദാക്കാന്‍ കേരള വിസി ഡോ. മോഹന്‍ കുന്നുമ്മല്‍ ഉത്തരവിട്ടു.കലിംഗ സര്‍വകലാശാലയുടെ വിദ്യാര്‍ത്ഥിയായിരുന്നില്ല നിഖില്‍ തോമസ് എന്നും ഇയാളുടെ ഡിഗ്രി വ്യാജമാണെന്നും കലിംഗ സര്‍വകലാശാല വ്യക്തമാക്കിയിട്ടുണ്ട്. സര്‍വകലാശാലയുടെ വിശ്വാസ്യതയ്ക്ക് കളങ്കം വരുത്താന്‍ ശ്രമിച്ച നിഖില്‍ തോമസിനെതിരെ നടപടി കൈക്കൊള്ളണമെന്നും കേരള സര്‍വകലാശാല രജിസ്ട്രാറോട് കലിംഗ സര്‍വകലാശാല ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രവേശനം സംബന്ധിച്ച് എംഎസ്എം കോളേജ് അധികൃതരുടെ വിശദീകരണം ഇന്ന് തന്നെ ലഭിക്കണമെന്ന് കേരള സര്‍വകലാശാല ആവശ്യപ്പെട്ടു. വിശദീകരണം ലഭിച്ചശേഷം കോളേജിനെതിരെ നടപടി കൈക്കൊള്ളും. നിഖിലിന്റെ ബി.കോം തുല്യതാ സര്‍ട്ടിഫിക്കറ്റ് പിന്‍വലിക്കുവാനും വിസി ഉത്തരവിട്ടിട്ടുണ്ട്. അന്യ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഡിഗ്രികള്‍ വച്ച് കേരളയില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികളുടെ ഡിഗ്രികള്‍ പരിശോധിക്കുന്നത് സംബന്ധിച്ച് സിന്‍ഡിക്കേറ്റ് തീരുമാനം കൈക്കൊള്ളുമെന്നും വിസി അറിയിച്ചു.