Monday, May 13, 2024
keralaNews

സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ശക്തമായ മഴ

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി വരുന്ന ദിവസങ്ങളില്‍ സംസ്ഥാനത്ത് ശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ചൊവ്വാഴ്ച വരെ ശക്തമായ മഴ പെയ്യുമെന്നതിനാല്‍ ജാഗ്രത പാലിക്കാന്‍ കാലാവസ്ഥ വകുപ്പ് അറിയിച്ചു.ശനിയാഴ്ച കോട്ടയത്തും ഇടുക്കിയിലും ശക്തമായ മഴ പെയ്യുമെന്നാണ് വകുപ്പിന്റെ പ്രവചനം. അതിനാല്‍ ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റു ജില്ലകളില്‍ എല്ലാം യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് തിരുവനന്തപുരവും കൊല്ലവും ഒഴികെയുളള ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.ഞായറാഴ്ച ഓറഞ്ച് അലര്‍ട്ട് അഞ്ചു ജില്ലകളിലാണ്. എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് അനുസരിച്ചുളള ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്.ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ തിങ്കളാഴ്ചയും കനത്ത മഴ പെയ്യുമെന്നാണ് പ്രവചനം. ഈ ജില്ലകള്‍ക്ക് പുറമേ പാലക്കാടും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റു ജില്ലകളില്‍ ശക്തമായ മഴ ലഭിക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.