Tuesday, May 21, 2024
indiaNews

അവസാനമായി ഒരുതവണ കൂടി അവളെക്കാണാന്‍ യാചിച്ചിട്ടും പൊലീസും അധികൃതരും അതിന് അനുവദിച്ചില്ല’…

ആരുടെ മൃതദേഹമാണ് അന്ന് രാത്രി കത്തിച്ചതെന്ന് ഞങ്ങള്‍ക്ക് അറിയണം. അത് അവളുടേതാണെങ്കില്‍ എന്തിനാണ് അത്തരത്തില്‍ കത്തിച്ചത്? അവസാനമായി ഒരുതവണ കൂടി അവളെക്കാണാന്‍ യാചിച്ചിട്ടും പൊലീസും അധികൃതരും അതിന് അനുവദിച്ചില്ല’-ഉത്തര്‍പ്രദേശിലെ ഹാഥ്രസില്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ദലിത് യുവതിയുടെ സഹോദരന്റെ വാക്കുകളാണിത്. രണ്ടു ദിവസത്തെ മാധ്യമ വിലക്കിന് ശേഷം ഹാഥ്രസിലെത്തിയ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞങ്ങള്‍ക്ക് ഇംഗ്ലീഷ് അറിയാത്തതുകൊണ്ട്, പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് മനസ്സിലാകില്ല എന്നായിരുന്നു റിപ്പോര്‍ട്ട് ചോദിച്ചപ്പോള്‍ പോലീസ് പറഞ്ഞത്.’-പെണ്‍കുട്ടിയുടെ സഹോദരന്‍ പറയുന്നു. കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘം പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കുകയോ മൊഴി രേഖപ്പെടുത്തുകയോ ചെയ്തില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. പകരം ഗ്രാമത്തിലെ മറ്റുള്ളവരോട് സംസാരിക്കുകയാണ് ചെയ്തതെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.വീടിന് ചുറ്റും വളഞ്ഞ പൊലീസ് തങ്ങളെ രണ്ടുദിവസമായി പുറത്തിറങ്ങാന്‍ സമ്മതിച്ചില്ലെന്നും കുടുംബം വ്യക്തമാക്കി. കേസ് അവസാനിപ്പിക്കാനായി ഗ്രാമമുഖ്യന്റെ ഭാഗത്ത് നിന്ന് സമ്മര്‍ദമുണ്ടെന്നും കുടുംബം പറയുന്നു. തങ്ങളുടെ ഫോണുകള്‍ വരെ പൊലീസ് പരിശോധിക്കുകയാണെന്നും കുടുംബം പറയുന്നു.