Thursday, May 2, 2024
indiaNews

ഹത്രസിലെ മകള്‍ക്കായി : തൂക്കുകയര്‍ ഉറപ്പിച്ച സീമ വീണ്ടും; ‘പോരാട്ടം’

ഇന്ത്യയുടെ ചരിത്രത്തില്‍ 2012 ഡിസംബര്‍ 16 കറുത്ത അധ്യായമായി മാറിയ നിര്‍ഭയ പെണ്‍കുട്ടിക്കു വേണ്ടിയുള്ള പോരാട്ടത്തിനു ശേഷം ഇന്ന് ഹത്രസിലെ ഇരുപതുകാരിക്ക് നീതി ലഭ്യമാക്കാന്‍ സീമ കുശ്വാഹ ഇറങ്ങുന്നു.എന്റെ പോരാട്ടം ഹത്രസിലെ മകള്‍ക്കു വേണ്ടിയാണ്, അവള്‍ക്കു നീതി ലഭ്യമാക്കാന്‍. അതുപോലെ സ്ത്രീ സുരക്ഷയില്‍ ശക്തമായ നിയമങ്ങള്‍ ഉരുത്തിരിയുന്നതിനും.’-താന്‍ കേസ് എടുത്തതെന്നും സീമ പറഞ്ഞു.

നിര്‍ഭയയെ പോലെ തന്നെ കൂട്ടബലാത്സംഗത്തിന് ഇരയായി ആശുപത്രിക്കിടക്കയില്‍ ജീവന്‍ വെടിയേണ്ട ദുര്‍ഗതിയാണു ഹത്രസിലെ പെണ്‍കുട്ടിക്കുമുണ്ടായത്. അതിക്രൂരമായി പീഡിപ്പിക്കപ്പെട്ട് ഒടുവില്‍ ഡല്‍ഹിയിലെ സഫര്‍ദ്ജങ് ആശുപത്രിയില്‍ അവസാന ശ്വാസം എടുക്കുമ്പോള്‍ തന്റെ ചേതനയറ്റ ശരീരത്തിനു നേരിടാന്‍ ഇനിയും ഉണ്ടെന്ന് ആ പെണ്‍കുട്ടി അറിഞ്ഞിരുന്നില്ല. അര്‍ധരാത്രിയില്‍ അച്ഛനെയും അമ്മയേയും മറ്റു ബന്ധുക്കളെയും വീട്ടില്‍ പൂട്ടിയിട്ട് അനാഥമായി പൊലീസ് വലയത്തില്‍ അവള്‍ എരിഞ്ഞടങ്ങി.

ഈ നീതി നിഷേധം തന്നെയാണ് ഹത്രസിലേക്ക് സീമയെ എത്തിക്കുന്നതും. ഇന്നലെ അലഹബാദ് ഹൈക്കോടതിയിലെ പ്രത്യേക ലക്നൗ ബെഞ്ചിനു മുന്നില്‍ ഹത്രസിലെ കുടുംബത്തിനു വേണ്ടി സീമ വാദിച്ചു തുടങ്ങി. കേസ് യുപിക്ക് പുറത്തേക്ക് മാറ്റണമെന്നും സിബിഐ റിപ്പോര്‍ട്ട് രഹസ്യമായി സൂക്ഷിക്കണമെന്നും സീമ ആവശ്യപ്പെട്ടു. അതിനൊപ്പം പെണ്‍കുട്ടിയുടെ കുടുംബത്തിന് ശക്തമായ സുരക്ഷ ഉറപ്പാക്കണമെന്നും.

2012ല്‍ ഒരമ്മയുടെ കണ്ണീരിന്, അവരുടെ ഉറച്ച മനശ്ശക്തിക്ക് പിന്തുണയുമായാണ് സീമ കോടതി മുറികളില്‍ ഇന്ത്യയിലെ ഒരോ സ്ത്രീയുടെയും ശബ്ദമായി വാദിച്ചതെങ്കില്‍ ഇന്ന് സ്വന്തം മകളെപ്പോലെ കണ്ടാണ് ഹത്രസിലെ ഇരുപതുകാരിക്കു വേണ്ടി അവര്‍ ഇറങ്ങുന്നത്. ആ പെണ്‍കുട്ടി നേരിട്ട ഹീനമായ പീഡനത്തിന് ഉത്തരവാദികള്‍ക്ക് ശിക്ഷ വാങ്ങി നല്‍കാന്‍ മാത്രമല്ല, അശരണരായി, അധികാര വര്‍ഗത്തിന്റെ ധാര്‍ഷ്ട്യത്തില്‍ അമര്‍ന്ന് വീണ്ടും വീണ്ടും നീതി നിഷേധം നേരിടേണ്ടിവന്ന കുടുംബത്തിനു വേണ്ടി കൂടിയാണ്……