Tuesday, May 21, 2024
keralaNewsObituary

എയര്‍ഗണ്‍ കൊണ്ട് ബന്ധുവിനെ വെടിവെച്ചു കൊന്ന കേസ്; പ്രതി പിടിയില്‍

ആലപ്പുഴ: ഹരിപ്പാട് മധ്യവയസ്‌കനെ എയര്‍ഗണ്‍ കൊണ്ട് വെടിവച്ച് കൊന്ന കേസില്‍ പ്രതി പിടിയില്‍. കൊല്ലപ്പെട്ട സോമന്റെ ബന്ധുവും അയല്‍വാസിയുമായ പ്രസാദാണ് അറസ്റ്റിലായത്. നാളുകളായി ഇരുവരും തമ്മിലുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് എത്തിയത്.                                                                            ഇന്നലെ വൈകിട്ട് 7 മണിയോടെയാണ് ഹരിപ്പാട് പള്ളിപ്പാട് സ്വദേശി വഴുതാനത്ത് സോമന്‍ കൊല്ലപ്പെട്ടത്. അയല്‍വാസിയായ പ്രസാദ് എയര്‍ ഗണ്ണിന് വെടി വെക്കുകയായിരുന്നു. തൊട്ടുപിന്നാലെ ഒളിവില്‍ പോയ പ്രസാദിനെ വീയപുരത്തുനിന്നാണ് പിടികൂടിയത്. ഇവിടെ ഒറ്റപ്പെട്ട പ്രദേശത്തെ പറമ്പിലാണ് കഴിഞ്ഞ രാത്രി ഒളിവില്‍ കഴിഞ്ഞത്. ബന്ധുക്കളായ സോമനും- പ്രസാദും കാലങ്ങളായി അകല്‍ച്ചയിലായിരുന്നു. ഇന്നലെ വൈകിട്ടും വാക്ക് തര്‍ക്കം ഉണ്ടായി. വിമുക്ത ഭടന്‍ കൂടിയായ പ്രസാദ് ഇതിന് പിന്നാലെ സോമനെ വെടിവെക്കുകയായിരുന്നു. സോമന്റെ വയറിലും മുതുകിലുമാണ് വെടിയേറ്റത്. വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം സോമന്റെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.