Wednesday, May 15, 2024
keralaNewspolitics

സി.പി.എമ്മും – മന്ത്രി കെ.ടി. ജലീലും വിശുദ്ധഖുറാനെ വലിച്ചിഴക്കുന്നു ; കെ.പി.എ മജീദ് .

സ്വര്‍ണ്ണക്കടത്തടക്കം വരുന്ന അഴിമതി ആരോപണങ്ങളില്‍ നിന്ന് രക്ഷനേടാന്‍ സി.പി.എമ്മും – മന്ത്രി കെ.ടി. ജലീലും വിശുദ്ധഖുറാനെ അനാവശ്യമായ ചര്‍ച്ചകളിലേക്ക് വലിച്ചിഴക്കുകയാണെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്.മതവിശ്വാസികളെ പ്രതിസന്ധിയിലാക്കുന്ന പരാമര്‍ശങ്ങള്‍ മന്ത്രി ജലീല്‍ പലതവണ പറഞ്ഞിട്ടുണ്ട്.അന്ധമായ ലീഗ് വിരോധത്തിന്റെ പേരില്‍ വിശ്വാസപരമായ പല കാര്യങ്ങളെയും തള്ളിപ്പറഞ്ഞ പാരമ്പര്യമാണ് മന്ത്രിക്കുള്ളത്. അത്തരത്തിലുള്ള ഒരു വ്യക്തി മതത്തിന്റെ കവചംതേടുന്നത് മന്ത്രിസ്ഥാനം നിലനിര്‍ത്തുന്നതിന് വേണ്ടി മാത്രമാണ് പ്രവാചകന്റെ തിരുകേശത്തെ ബോഡിവേസ്റ്റെന്ന് പറഞ്ഞ മുഖ്യമന്ത്രി ഖുര്‍ആനിന്റെ മഹത്വത്തെക്കുറിച്ച് ഇപ്പോള്‍ വാചാലനാകുന്നത് മതസംഘടനാ നേതാക്കളെ വരുതിയിലാക്കാനാണ് -അദ്ദേഹം പറഞ്ഞു.തന്നെ മന്ത്രിയാക്കിയത് എ.കെ.ജി സെന്ററില്‍ നിന്നാണെന്ന് പറഞ്ഞ്‌നടന്ന മന്ത്രി ജലീല്‍ സംരക്ഷണത്തിന് വേണ്ടി പാര്‍ട്ടിക്ക് പുറത്തുള്ളവരുടെ സഹായം തേടുന്നത് അപഹാസ്യമാണ്. വിശുദ്ധഖുര്‍ആന്‍ കൊണ്ടുവന്ന സംഭവത്തില്‍ എതെങ്കിലും തരത്തിലുള്ള ക്രമക്കേട് കണ്ടെത്തിയാല്‍ പോലും അത് മുസ്ലിംങ്ങളെയോ ഖുര്‍ആനിനെയോ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അടുത്തിടെ പാണക്കാട് ശിഹാബ് തങ്ങള്‍ പറഞ്ഞാല്‍ താന്‍ രാജി വയ്ക്കുമെന്ന് മന്ത്രി കെ.റ്റി ജലീല്‍ പറഞ്ഞിരുന്നു.