Wednesday, May 15, 2024
HealthkeralaNews

വാക്സീന്‍ ക്ഷാമം രൂക്ഷം; ക്യാമ്പുകള്‍ വെട്ടിക്കുറച്ചു

സംസ്ഥാനത്തു കോവിഡ് വ്യാപനം ശക്തമായ സാഹചര്യത്തില്‍ കൂടുതല്‍ പേര്‍ വാക്‌സീന്‍ സ്വീകരിക്കാന്‍ എത്തിയതു പ്രതിസന്ധി സൃഷ്ടിക്കുന്നു. വാക്‌സീന്‍ ക്ഷാമം രൂക്ഷമായതോടെ ക്യാംപുകളുടെ എണ്ണം വെട്ടിക്കുറച്ചു. തിരുവനന്തപുരത്ത് 134 കേന്ദ്രങ്ങളില്‍ കുത്തിവയ്പു മുടങ്ങി. ആലപ്പുഴയിലെ ചില ക്യാംപുകള്‍ നിര്‍ത്തിവച്ചു. പാലക്കാട്ട് 110 ക്യാംപുകളില്‍ 54 എണ്ണമാണ് ഇന്നലെ പ്രവര്‍ത്തിച്ചത്. കോവിഷീല്‍ഡ് വാക്‌സീനാണു ദൗര്‍ലഭ്യം.

 

സംസ്ഥാനത്തിന് ഇതുവരെ 60 ലക്ഷം ഡോസ് കോവിഡ് വാക്‌സീന്‍ ലഭിച്ചു. അടിയന്തരമായി 50 ലക്ഷം ഡോസ് കൂടി ആവശ്യപ്പെട്ടെങ്കിലും 2 ലക്ഷമാണ് ഇന്നലെ അനുവദിച്ചത്. സംസ്ഥാനത്ത് 45 വയസ്സിനു മുകളിലുള്ള 65 ലക്ഷം പേര്‍ വാക്‌സീന്‍ സ്വീകരിക്കാന്‍ ബാക്കിയുള്ളപ്പോള്‍ 7.22 ലക്ഷം ഡോസ് മാത്രമാണു ശേഖരത്തിലുള്ളത്. 45 വയസ്സിനു മുകളിലുള്ള 1.15 കോടിയില്‍ 50 ലക്ഷം പേര്‍ വാക്‌സീന്‍ സ്വീകരിച്ചുകഴിഞ്ഞു. നിലവില്‍ ശേഖരത്തിലുള്ള വാക്‌സീന്‍ ഉടന്‍ വിതരണം ചെയ്യാന്‍ നിര്‍ദേശം നല്‍കിയെന്ന് ആരോഗ്യ വകുപ്പു പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജന്‍ ഖോബ്രഗഡെ പറഞ്ഞു.

കേരളത്തിനു 7.74 ലക്ഷം ഡോസ് കൂടി നല്‍കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍ ന്യൂഡല്‍ഹിയില്‍ പറഞ്ഞു. കേരളത്തിലെ സ്ഥിതി ചൂണ്ടിക്കാട്ടി പരാതിയുമായെത്തിയ കൊടിക്കുന്നില്‍ സുരേഷ് എംപിക്കാണു മന്ത്രി ഉറപ്പു നല്‍കിയത്.