Thursday, May 2, 2024
indiaNewsUncategorized

മണിപ്പൂരില്‍ ചീഫ് സെക്രട്ടറിയെ മാറ്റി

ഇംഫാല്‍: മണിപ്പൂരിലെ കലാപത്തിന് പിന്നാലെ ചീഫ് സെക്രട്ടറി രാജേഷ് കുമാറിനെ മാറ്റി.പകരം വിനീത് ജോഷി പുതിയ ചീഫ് സെക്രട്ടറിയാകും. സുരക്ഷ ശക്തമാക്കിയതോടെ മണിപ്പൂരില്‍ ഇന്ന് സംഘര്‍ഷത്തിന് അയവ് വന്നു. മണിപ്പൂരിലെ കലാപം സംസ്ഥാന സര്‍ക്കാര്‍ കൈകാര്യം ചെയതതില്‍ കേന്ദ്രത്തിന് അതൃപ്തിയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ചീഫ് സെക്രട്ടറിയുടെ മാറ്റം.ചീഫ് സെക്രട്ടറിക്ക് പുറമെ ചീഫ് വിജിലന്‍സ് കമ്മീഷണറായും വിനീത് ജോഷി പ്രവര്‍ത്തിക്കും.കേന്ദ്ര വിദ്യാഭ്യാസ വകുപ്പില്‍ അഡീഷണല്‍  സെക്രട്ടറിയായിരിക്കേയാണ് വിനീത് ജോഷിയെ സംസ്ഥാനത്തെ ചീഫ് സെക്രട്ടറിയാക്കിയത്. കാലാവധി പൂര്‍ത്തിയായിരുന്നെങ്കിലും ഇപ്പോഴത്തെ ചീഫ് സെക്രട്ടറിയായിരുന്ന രാജേഷ് കുമാറിന് ഒരു വര്‍ഷം കൂടി സര്‍ക്കാര്‍ നീട്ടി നല്‍കിയിരുന്നു. കലാപത്തിന് പിന്നാലെ മ്യാന്‍മാറില്‍ നിന്ന് വിഘടനവാദികള്‍ സംസ്ഥാനത്തേക്ക് നുഴഞ്ഞു കയറിയോ എന്ന സംശയം അന്വേഷണ ഏജന്‍സികള്‍ക്കുണ്ട്. കലാപ മേഖലകളില്‍ നിന്ന് ഇതുവരെ 23,000 പേരെയാണ് സൈന്യം ഒഴിപ്പിച്ചത്. കലാപത്തില്‍ മരിച്ചത് 55 പേരാണെന്നാണ് വിവരം.സംഘര്‍ഷ സാഹചര്യത്തിന് അയവ് വന്നതോടെ മണിപ്പൂരിലെ കര്‍ഫ്യൂവില്‍ ഇന്ന് രാവിലെ ഏഴു മുതല്‍ പത്ത് വരെ ഇളവ് നല്‍കിയിരുന്നു. മണിപ്പൂരിലുള്ള മലയാളി – തെലങ്കാന വിദ്യാര്‍ത്ഥികളെ നാട്ടിലേക്ക് മടക്കി കൊണ്ടുവരാനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാരുകള്‍ തുടങ്ങിയിട്ടുണ്ട്. ചുരാചന്ദ്പ്പൂരിലും കാങ്‌പോക്പി , മൊറെയ് തുടങ്ങിയിടങ്ങളില്‍ ഇപ്പോഴും സംഘര്‍ഷ സാധ്യതയുണ്ടെന്ന് സംസ്ഥാന സുരക്ഷ ഉപദേഷ്ടാവ് കുല്‍ദീപ് സിങ് പറഞ്ഞു. 37 മരണം സ്ഥിരീകരിച്ചിട്ടുണ്ടെന്നും. ഏജന്‍സികള്‍ കുറച്ച് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതിനാല്‍ പരിശോധന നടക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി