Saturday, May 18, 2024
keralaNews

കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം പത്തൊന്‍പത് ദിവസമായിട്ടും സംസ്‌കരിക്കാതെ ആരോഗ്യവകുപ്പ്.

കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം പത്തൊന്‍പത് ദിവസമായിട്ടും സംസ്‌കരിക്കാതെ ആരോഗ്യവകുപ്പ്. കൊല്ലം പത്തനാപുരം മഞ്ചളൂര്‍ സ്വദേശിയായ ദേവരാജന്റെ മൃതദേഹമാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്നത്.

മഞ്ചളൂരുള്ള ദേവരാജന്റെ വീടിന് പട്ടയമില്ലാത്തതിനാല്‍ മൃതദേഹം സംസ്‌കരിക്കാനാള്ള സൗകര്യം ഉണ്ടായിരുന്നില്ല. ആരോഗ്യവകുപ്പ് മൃതദേഹം ഏറ്റെടുത്ത് കൊല്ലത്ത് സംസ്‌കരിക്കുമെന്നാണ് അറിയിച്ചിരുന്നത്. ഇതിനിടെ ദേവരാജന്റെ ഭാര്യ പുഷ്പയ്ക്ക് കോവിഡ് സ്ഥിരീകരിക്കുകയും വീടിന് പുറത്തിറങ്ങാന്‍ കഴിയാത്ത സാഹചര്യം ഉണ്ടാകുകയും ചെയ്തു. കോവിഡ് നെഗറ്റീവ് ആയ ശേഷം ഇവര്‍ ഭര്‍ത്താവിന്റെ സംസ്‌കാര ചടങ്ങുകള്‍ നടത്തി. ഇതിന് ശേഷം പത്തനാപുരം പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടാണ് മൃതദേഹം സംസ്‌കരിച്ചിട്ടില്ലെന്ന വിവരം അറിഞ്ഞത്.

ശ്വാസംമുട്ടലിനെ തുടര്‍ന്ന് സെപ്റ്റംബര്‍ പതിനെട്ടിനാണ് ദേവരാജനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവശിപ്പിച്ചത്. ചികിത്സയിലിരിക്കെയാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഭാര്യ വീട്ടിലേക്ക് പോകുകയായിരുന്നു. രോഗം മൂര്‍ച്ഛിച്ച് ഒക്ടോബര്‍ രണ്ടിന് ദേവരാജന്‍ മരിച്ചു. ഫോണിലൂടെയാണ് ദേവരാജന്‍ മരിച്ച വിവരം ആരോഗ്യവകുപ്പ് പുഷ്പയെ അറിയിച്ചത്.