Sunday, May 12, 2024
keralaNews

ശബരിമലയില്‍ കൊറോണ സ്ഥിരീകരിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നു.

ശബരിമലയില്‍ കൊറോണ സ്ഥിരീകരിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. സന്നിധാനത്ത് മാത്രം ഇന്നലെ 36 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ 14 ദിവസം സന്നിധാനത്തുണ്ടായിരുന്ന ജീവനക്കാരുടെയും പോലീസുകരുടെയും റാപ്പിഡ് പരിശോധനയിലാണ് ഇത്രയും പേരില്‍ രോഗം കണ്ടെത്തിയത്.ശബരിമലയില്‍ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് സന്നിധാനം എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തില്‍ ആന്റിജന്‍ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചത്. കഴിഞ്ഞ 14 ദിവസങ്ങളായി സന്നിധാനത്ത് തുടരുന്ന ദേവസ്വം ഉള്‍പ്പെടെയുള്ള വകുപ്പുകളിലെ ജീവനക്കാരെയും പോലീസുകരെയും വ്യാപാര സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരെയുമാണ് പരിശോധനയ്ക്ക് വിധേയരാക്കിയത്. പരിശോധനയില്‍ 36 പേര്‍ കൊറോണ പോസിറ്റീവ് ആണെന്ന് കണ്ടെത്തി. രോഗം സ്ഥിരീകരിച്ചവരില്‍ 18 പേര്‍ പോലീസ് ഉദ്യോഗസ്ഥരും 17 പേര്‍ ദേവസ്വം ജീവനക്കാരും ഒരാള്‍ വ്യാപാരിയുമാണ്.

ആകെ 239 പേരെയാണ് ഇന്നലെ നടന്ന ക്യാമ്പില്‍ പരിശോധിച്ചത്. പോസിറ്റീവ് ആയ എല്ലാവരെയും വിവിധ എഫ്എല്‍ടിസികളിലേക്ക് മാറ്റി. ഇവരുമായി സമ്പര്‍ക്കത്തില്‍ വന്നിട്ടുള്ള എല്ലാവരോടും സന്നിധാനത്തു നിന്നും മടങ്ങാനും നിരീക്ഷണത്തില്‍ കഴിയാനും ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. പരിശോധനയില്‍ വ്യാപാര സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് രോഗമില്ലെന്ന് കണ്ടെത്തിയവര്‍ക്ക് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നല്‍കി. ആന്റിജന്‍ പരിശോധന നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവരെ വരും ദിവസങ്ങളില്‍ സന്നിധാനത്ത് തുടരാന്‍ അനുവദിക്കില്ലെന്ന് എക്സിക്യൂട്ടിവ് മജിസ്ട്രേറ്റ് അറിയിച്ചു.കഴിഞ്ഞ ദിവസം അധികൃതര്‍ സന്നിധാനത്തും പരിസര പ്രദേശങ്ങളിലുമുള്ള വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയിരുന്നു. പമ്പയിലും നിലയ്ക്കലിലുമായി നടത്തിയ പരിശോധനയില്‍ 20 പേര്‍ക്കും കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു. നിലവില്‍ 250ല്‍ അധികം ആളുകള്‍ക്കാണ് ശബരിമലയില്‍ കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്.