Thursday, April 25, 2024
keralaNews

സംസ്ഥാനത്ത് അടുത്ത 3 മണിക്കൂറില്‍ കനത്ത മഴ: 40.കീ.മി വേഗത്തില്‍ കാറ്റിനും സാധ്യത

സംസ്ഥാനത്ത് അടുത്ത മൂന്നുമണിക്കൂറില്‍ എട്ടുജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യത. 40.കീ.മി വേഗത്തില്‍ കാറ്റിനും സാധ്യത. തിരുവനന്തപുരത്തും കൊല്ലത്തും കനത്ത മഴയാണ്. തിരുവനന്തപുരത്ത് കനത്തമഴെയത്തുടര്‍ന്ന് വ്യാപകനാശനഷ്ടങ്ങള്‍. നെയ്യാറ്റിന്‍കര ടിബി ജംക്ഷനില്‍ ദേശീയപാതയിലെ പാലത്തിന്റെ ഒരു ഭാഗം തകര്‍ന്നു. വിഴിഞ്ഞത്ത് ഗംഗയാര്‍ തോട് കരകവിഞ്ഞ് സമീപത്തെ കടകളില്‍ വെള്ളം കയറി. വാമനപുരം നദിയിലെ ജലനിരപ്പ് ഉയരുകയാണ്. വിതുര പെന്നാംചുണ്ട് പാലത്തില്‍ വെള്ളം കയറി. പെരിങ്ങമലയില്‍ കിണര്‍ ഇടിഞ്ഞുതാണു. കോവളം വാഴമുട്ടത്ത് വീടുകള്‍ക്ക് മുകളില്‍ മണ്ണിടിഞ്ഞു. അരുവിക്കര ഡാമിന്റെ ഷട്ടര്‍ ഒന്‍പതുമണിക്ക് 60 സെ.മീ. കൂടി ഉയര്‍ത്തും. വിതുര, പൊന്‍മുടി, പാലോട്, നെടുമങ്ങാട് തുടങ്ങിയ മലയോര മേഖലയില്‍ ശക്തമായ മഴ തുടരുകയാണ്. അത്യാവശ്യമില്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. അടുത്ത മൂന്ന് മണിക്കൂറില്‍ എട്ടു ജില്ലകളില്‍ കനത്ത മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെയാണ് മുന്നറിയിപ്പ്. ഇടിമിന്നല്‍ജാഗ്രതാ നിര്‍ദേശവും പുറപ്പെടുവിച്ചു.
കണ്‍ട്രോള്‍ റൂം നമ്പര്‍: – 0471 2377702, 0471 2377706തെന്മല, ആര്യങ്കാവ് ഉള്‍പ്പെടെ കൊല്ലം ജില്ലയുടെ മലയോരമേഖലയില്‍ മഴ ശക്തമാണ്. തെന്മല പരപ്പാര്‍ അണക്കെട്ടിന്റെ മൂന്നു ഷട്ടറുകള്‍ എണ്‍പതു സെന്റിമീറ്റര്‍ വീതം ഉയര്‍ത്തിയിട്ടുണ്ട്. പരമാവധി സംഭരണശേഷിയിലേക്ക് ജലനിരപ്പ് ഉയരുമെന്നതിനാല്‍ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്താനാണ് സാധ്യത. കല്ലടയാറിന്റെ തീരത്തുളളവര്‍ ജാഗ്രതപാലിക്കണം. കഴുതുരുട്ടിയാറും ചെറുതോടുകളുമെല്ലാം കരകവിഞ്ഞൊഴുകുകയാണ്. ഇടപ്പാളയം, അമ്പനാട് , പ്രിയ എസ്റ്റേറ്റ്, ചേനഗിരി പ്രദേശങ്ങളില്‍ മഴ കഴിഞ്ഞദിവസം വ്യാപകനഷ്ടങ്ങളുണ്ടാക്കിയിരുന്നു. കലക്ടറുടെ നിര്‍ദേശപ്രകാരം ആര്യങ്കാവില്‍ അഗ്‌നിരക്ഷായൂണിറ്റിനെ താല്‍ക്കാലികമായി ക്രമീകരിച്ചിട്ടുണ്ട്.