Tuesday, May 21, 2024
keralaNews

സിനിമാശാലകള്‍ തുറക്കാന്‍ സര്‍കാര്‍ അനുമതി തേടി ഉടമകള്‍

സംസ്ഥാനത്ത് തിയേറ്ററുകള്‍ ഓണത്തിന് മുന്‍പ് തുറന്നുപ്രവര്‍ത്തിക്കാന്‍ സര്‍കാര്‍ അനുമതി നല്‍കണമെന്നവശ്യവുമായി തീയറ്ററുടമകളുടെ സംഘടനയായ ഫിയോക്. കൊച്ചിയില്‍ ചേര്‍ന്ന ഫിയോക് എക്‌സിക്യൂടീവ് യോഗത്തിലാണ് ഉടമകള്‍ ഈ കാര്യമുന്നയിച്ചത്.

മുഴുവന്‍ വ്യവസായ വാണിജ്യ സ്ഥാപനങ്ങളും തുറക്കാന്‍ അനുമതി നല്‍കിയിട്ടും തിയേറ്ററുകളെ മാത്രം ഒഴിവാക്കിയത് ശരിയല്ലെന്നും ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു.

തിയറ്ററുകളെ തല്‍ക്കാലത്തേക്ക് വിനോദ നികുതിയില്‍ നിന്നും ഫിക്‌സഡ് വൈദ്യുതി ചാര്‍ജില്‍ നിന്നും ഒഴിവാക്കണമെന്നും സര്‍കാറിനോട് ആവശ്യപെടാനും യോഗത്തില്‍ തീരുമാനമായി.അതേസമയം സര്‍കാറിനോട് തീയേറ്ററുകള്‍ തുറക്കണമെന്ന് അഭ്യര്‍ഥിക്കുമെന്ന് ഫിയോക് പ്രസിഡന്റ് കെ വിജയകുമാര്‍ പറഞ്ഞു.

എന്നാല്‍ സമ്മര്‍ദം ചെലുത്തി തീയേറ്റര്‍ തുറക്കാനില്ല. ഓണത്തിന് മുന്‍പായി തീയേറ്ററുകള്‍ തുറക്കുമെന്ന് പ്രതീക്ഷയുണ്ട്. സിനിമകള്‍ ഒടിടികളിലേക്ക് പോകുന്നതില്‍ ആശങ്കയില്ലെന്നും തീയറ്ററുകള്‍ തുറക്കാത്ത നിലവിലെ സാഹചര്യത്തില്‍ ഒടിടി റിലീസുകളെ എതിര്‍ക്കില്ലെന്നും വിജയകുമാര്‍ പറഞ്ഞു.