Friday, May 17, 2024
indiakeralaNewsObituary

ദമ്പതികളുടെ കൊലപാതകം: പ്രതിയെ കുടുക്കിയത് മൊബൈല്‍ ഫോണ്‍

മലയാളി ദമ്പതിമാരുടെ കൊലപാതകം: പ്രതി പിടിയില്‍:
കവര്‍ച്ചയല്ലെന്ന് ബന്ധുക്കള്‍

ചെന്നൈ: ചെന്നൈയില്‍ മലയാളി ദമ്പതിമാരെ കഴുത്ത് അറുത്ത് കൊലപ്പെടുത്തിയ കേസില്‍ സമീപ വാസിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ കൊലപാതകത്തിന് പിന്നില്‍ കവര്‍ച്ചയല്ലെന്നും ബന്ധുക്കള്‍ കേരള ബ്രേക്കിംഗ് ന്യൂസിനോട് പറഞ്ഞു. ചെന്നൈയില്‍ സ്ഥിര താമസമാക്കിയ കോട്ടയം ജില്ല പാല സ്വദേശി പഴയകുളത്ത് വീട്ടില്‍ റിട്ടേ. മിലിറ്ററി ഓഫീസര്‍ കൂടിയായിരുന്ന ഡോ. ശിവാനായര്‍, ഭാര്യ എരുമേലി സ്വദേശി പുഷ്പയില്‍ പ്രസന്ന എന്നിവരാണ് മരിച്ചത്.

ചെന്നൈ ആവടിക്ക് സമീപം കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം.സംഭവത്തില്‍ വീടിന് സമീപത്തുള്ള രാജസ്ഥാന്‍ സ്വദേശിയുടെ ബില്‍ഡിംഗ് സാനിട്ടേഴ്‌സ് / ഇലക്ട്രിക് ഉപകരണങ്ങള്‍ വില്‍ക്കുന്ന കടയിലെ തൊഴിലാളി കൂടിയായ രാജസ്ഥാന്‍ സ്വദേശിയായ മഹേഷിനെയാണ് പോലീസ് പിടികൂടിയത്. ഇവരുടെ വീടിനോട് ചേര്‍ന്നാണ് ക്ലിനിക്ക് നടത്തുന്നത്. മരുന്നുകള്‍ വാങ്ങുന്നതിനായി പല തവണ ക്ലിനിക്കില്‍ വന്നിട്ടുള്ള പ്രതി സംഭവ ദിവസം രണ്ട് തവണ വീട്ടില്‍ എത്തിയിരുന്നതായും ബന്ധുക്കള്‍ പറഞ്ഞു. ആദ്യം വന്നപ്പോള്‍ വീട്ടില്‍ മരിച്ച ദമ്പതിമാരുടെ മകന്റെ കാര്‍ ഉണ്ടായിരുന്നതിനാല്‍ വീട്ടില്‍ കയറിയില്ല. പിന്നീട് ഡോ. കൂടിയായ മകന്‍ പോയതിന് ശേഷം പതിവ് പോലെ ക്ലിനിക്കിലെത്തി മരുന്ന് വാങ്ങുകയും പണം ചോദിച്ചപ്പോള്‍ ഉണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയുമായിരുന്നുവെന്നും മരിച്ച പ്രസന്നയുടെ സഹോദരന്‍ പ്രസാദ് പറഞ്ഞു. പ്രസന്നയെ കൊലപ്പെടുത്തിയപ്പോള്‍ ഉണ്ടായ ബഹളം കേട്ട് വന്ന ഭര്‍ത്താവ് ശിവനായരെ പ്രതി കഴുത്തിന് പിന്നില്‍ കുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം രാജസ്ഥാനിലേക്ക് പോകാന്‍ ശ്രമിച്ച പ്രതിയെ ചെന്നൈ റയില്‍വെ സ്റ്റേഷനില്‍ നിന്നാണ് പോലീസ് പിടികൂടിയത്.

പ്രസന്നയെ കൊലപ്പെടുത്തുന്നതിനിടെ പ്രതിയുടെ കൈയ്യില്‍ ഉണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ താഴെ വീഴുകയും ഈ ഫോണിന് മുകളിലേക്ക് പ്രസന്ന വീണതാണ് പ്രതിയെ പിടികൂടാന്‍ പോലീസിന് സഹായമായത്. കയ്യില്‍ നിന്നും താഴെ വീണ ഫോണ്‍ തിരയുന്നതിനിടെ ശിവനായര്‍ വരുകയും , ഇദ്ദേഹത്തെയും കൊലപ്പെടുത്തിയതിന് ശേഷം മൊബൈല്‍ ഫോണ്‍ എടുക്കാതെ പ്രതി രക്ഷപ്പെടുകയുമായിരുന്നു. പ്രസന്നയെ കഴുത്ത് അറുത്തതിന് ശേഷം നാലോളം തവണ കുത്തുകയും ചെയ്തു. പ്രസന്ന ധരിച്ച സ്വര്‍ണ്ണ മാല ദേഹത്തുണ്ടായിരുന്നതായും ബന്ധുക്കള്‍ പറഞ്ഞു.

കൊലപാതകത്തിന് ശേഷം സ്വര്‍ണ്ണാഭരണങ്ങള്‍ മോഷണം പോയതായി നേരത്തെ പ്രാഥമിക റിപ്പോള്‍ട്ട് ഉണ്ടായിരുന്നു. എന്നാല്‍ അത്തരത്തില്‍ കവര്‍ച്ച നടന്നിട്ടില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു. പ്രതിയെ സംബന്ധിച്ച് ക്രിമിനല്‍ സ്വഭാവമുള്ള ആളാണെന്നും – ഇയാളെ സൂക്ഷിക്കണമെന്ന് നേരത്തെ പറഞ്ഞിരുന്നതായും ബന്ധുക്കള്‍ പറഞ്ഞു. മൃതദേഹം പോസ്റ്റ് മാര്‍ട്ടത്തിന് ശേഷം പോലീസ് ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

അടുത്ത ബന്ധുക്കളെല്ലാവരും ഇന്നലെ തന്നെ ചെന്നൈയില്‍ എത്തി. മറ്റ് ബന്ധുക്കള്‍ ഇന്നും എത്തും.ഡോക്ടര്‍ കൂടിയായ മകള്‍ ആസ്‌ട്രേലിയായില്‍ നിന്നും നാളെ വന്നതിന് ശേഷം വ്യാഴാഴ്ച സംസ്‌ക്കാരം ചെന്നൈയില്‍ തന്നെ നടന്നുമെന്നും ബന്ധുക്കള്‍ പറഞ്ഞു. രണ്ട് മക്കളാണുള്ളത്. ഡോ. ഹരി ഓം ശ്രീ, ഡോ, ഗംഗാ ശ്രീ. ചെന്നൈ പോലീസ് നടപടികള്‍ സ്വീകരിച്ചു വരുകയാണ്.