Friday, May 17, 2024
indiaNewspolitics

ബംഗാളിലും അസമിലും ആദ്യഘട്ട പോളിങ് തുടങ്ങി; 1.54 കോടി വോട്ടര്‍മാര്‍

കൊല്‍ക്കത്ത/ഗുവാഹത്തി ന്മ നിയമസഭാ തിരഞ്ഞെടുപ്പു നടക്കുന്ന അസം, ബംഗാള്‍ സംസ്ഥാനങ്ങളിലെ ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി. ബംഗാളില്‍ രാവിലെ 7 മുതല്‍ വൈകിട്ട് 6.30 വരെയും അസമില്‍ 7 മുതല്‍ ആറുവരെയുമാണ് പോളിങ്. ബംഗാളില്‍ ആകെയുള്ള 294 മണ്ഡലങ്ങളില്‍ 30 ഇടത്തും അസമിലെ 126 മണ്ഡലങ്ങളിലെ 47 ഇടത്തുമാണ് വോട്ടെടുപ്പ്. അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ആദ്യഘട്ടത്തില്‍ ജനവിധി തേടും. ആകെ 1.54 കോടി വോട്ടര്‍മാരാണ് സമ്മതിദാനവകാശം വിനിയോഗിക്കുക.ബംഗാളില്‍, 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് കൂടുതല്‍ സീറ്റുകള്‍ നേടാനായ ജംഗല്‍മഹല്‍ മേഖലയിലാണ് ആദ്യഘട്ട പോളിങ്. ബിജെപിയും ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടമായിരിക്കും ഇവിടെ. 7,061 ഇടത്തായി 10,288 പോളിങ് ബൂത്തുകളാണുള്ളത്. 684 കമ്പനി അര്‍ധസൈനിക വിഭാഗത്തെ സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്. ആയിരത്തില്‍പരം പൊലീസ് ഉദ്യോഗസ്ഥരെയും നിയോഗിച്ചു.

തിരഞ്ഞെടുപ്പ് നടക്കുന്ന 30 മണ്ഡലങ്ങളില്‍ 29 വീതം മണ്ഡലങ്ങളിലാണ് തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും മത്സരിക്കുന്നത്. ജോയ്പുര്‍ മണ്ഡലത്തിലെ തൃണമൂല്‍ സ്ഥാനാര്‍ഥിയുടെ പത്രിക തള്ളിതയതിനെ തുടര്‍ന്ന് അവര്‍ സ്വതന്ത്രനെ പിന്തുണയ്ക്കുന്നു. ബാഗ്മുണ്ഡിയില്‍ എന്‍ഡിഎ ഘടകകക്ഷിയായ എജെഎസ്യു ആണ് മത്സരിക്കുന്നത്. സിപിഎം കോണ്‍ഗസ് സഖ്യം 30 മണ്ഡലങ്ങളിലും മത്സരിക്കുന്നുണ്ട്.

അസമിലെ ആദ്യഘട്ട വോട്ടെടുപ്പില്‍ മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍, സ്പീക്കര്‍ ഹിതേന്ദ്രനാഥ് ഗോസ്വാമി, സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ റിപ്പുന്‍ ബോറ, നിരവധി മന്ത്രിമാര്‍ ഉള്‍പ്പെടെ ഒട്ടേറ പ്രമുഖര്‍ ജനവിധി തേടുന്നുണ്ട്. ഭരണകക്ഷിയായ ബിജെപി-എജിപി സഖ്യം, കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ മഹാസഖ്യം, പുതുതായി രൂപീകരിച്ച അസം ജതിയ പരിഷത്ത് (എജെപി) എന്നിവര്‍ തമ്മിലുള്ള ത്രികോണ മത്സരമാണ് മിക്ക സീറ്റുകളിലും.47 മണ്ഡലങ്ങളില്‍ ഭരണകക്ഷിയായ ബിജെപി 39 ഇടത്ത് മത്സരിക്കുന്നു. സഖ്യകക്ഷിയായ എജിപി 10 ഇടത്തും. ലഖിംപുര്‍, നഹര്‍കതിയ മണ്ഡലങ്ങളില്‍ ഇരു പാര്‍ട്ടികളും സൗഹൃദ മത്സരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നു. പ്രതിപക്ഷ മഹാസഖ്യത്തില്‍ കോണ്‍ഗ്രസ് 43 മണ്ഡലങ്ങളിലാണ് മത്സരിക്കുന്നത്. എയുയുഡിഎഫ്, സിപിഐ (എംഎല്‍-എല്‍), ആര്‍ജെഡി, അഞ്ചാലിക് ഗണ മോര്‍ച്ച എന്നീ പാര്‍ട്ടികള്‍ ഓരോ സീറ്റിലും മത്സരിക്കുന്നു. പുതുതായി രൂപീകരിച്ച എജെപി 41 മണ്ഡലങ്ങളില്‍ മത്സരിക്കുന്നുണ്ട്.