Friday, May 17, 2024
keralaNews

ആനയെ കണ്ടെത്തി മയക്കുവെടിവെക്കാനുള്ള ശ്രമം തുടരും

ഇടുക്കി :അരിക്കൊമ്പനെ മയക്ക് വെടിവെച്ച് പിടിച്ച് സ്ഥലം മാറ്റാനുള്ള ദൗത്യത്തിനായുള്ള ശ്രമത്തിനിടെ അരിക്കൊമ്പന്‍ കാടിനുള്ളില്‍ മുങ്ങിയതിനാല്‍ ഇന്ന് പുലര്‍ച്ചെ നാല് മണിക്ക് ആരംഭിച്ച അരിക്കൊമ്പന്‍ ദൗത്യം താല്‍ക്കാലികമായി അവസാനിപ്പിച്ചു. രാവിലെ മുതല്‍ തിരച്ചില്‍ നടത്തിയെങ്കിലും ആനയെവിടെയെന്ന് കണ്ടെത്താന്‍ വനംവകുപ്പിന് കഴിഞ്ഞില്ല. ഇതോടെ ഉച്ചയോടെ ഉദ്യോഗസ്ഥ സംഘത്തോട് മടങ്ങാന്‍ വനംവകുപ്പ് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ഇതനുസരിച്ച് ഒരു സംഘം മടങ്ങി. നാളെ വീണ്ടും ദൗത്യം ആരംഭിക്കും. ഇടുക്കി ചിന്നക്കനാല്‍ മേഖലയില്‍ നാശം വിതയ്ക്കുന്ന അരിക്കൊമ്പനെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് ദൗത്യസംഘമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍ വിശദീകരിച്ചു. ദൗത്യസംഘം സ്വതന്ത്രമായി പ്രവര്‍ത്തിക്കും. ചൂട് കൂടുതലായതുകൊണ്ടാകാം ഇന്ന് ആനയെ കണ്ടെത്താനാകാതിരുന്നതെന്നാണ് കരുതുന്നത്. ദൗത്യത്തില്‍ നിന്ന് പിന്മാറാന്‍ വനം വകുപ്പ് തീരുമാനിച്ചിട്ടില്ല. ആനയെ കണ്ടെത്തി മയക്കുവെടിവെക്കാനുള്ള ശ്രമം തുടരും. കോടതി ഇടപെട്ടില്ലായിരുന്നെങ്കില്‍ അരിക്കൊമ്പനെ നേരത്തെ പിടിക്കാമായിരുന്നുവെന്നും വനംമന്ത്രി വിശദീകരിച്ചു.