Thursday, May 2, 2024
keralaNewspolitics

ഉറപ്പ് മറന്നില്ല; വിഷു കൈനീട്ടമായി മൊബൈല്‍ ഫോണ്‍ നല്‍കി. കൃഷ്ണകുമാര്‍

പ്രചരണത്തിനിടെ നല്‍കിയ ഉറപ്പ് മറന്നില്ല;

അഭിരാമിയുടെ ഓണ്‍ലൈന്‍ പഠനം ഇനി മുടങ്ങില്ല;

ശ്രീവരാഹം പറമ്പില്‍ ലെയ്നില്‍ ദുരിതാവസ്ഥയില്‍ കഴിയുന്ന ലതയുടെ ചെറുമകള്‍ക്ക് എന്‍ഡിഎ സ്ഥാനാര്‍ത്ഥി ജി.കൃഷ്ണകുമാര്‍ മൊബൈല്‍ ഫോണ്‍ വിഷു കൈനീട്ടമായി നല്‍കി. തിരുവല്ലം സര്‍ക്കാര്‍ വക എല്‍പി സ്‌ക്കൂളിലെ മൂന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി അഭിരാമിക്കാണ് ഓണ്‍ലൈന്‍ പഠനത്തിനായി കൃഷ്ണകുമാറിന്റെ സഹായമെത്തിയത്. പറമ്പില്‍ ലെയ്നിലെ ഒറ്റമുറി വാടക വീട്ടിലാണ് ഇരുവരും കഴിയുന്നത്. നിത്യവൃത്തിക്കുള്ള വക പോലും കുടുംബത്തിനില്ല.സര്‍ക്കാരില്‍ നിന്നും ലഭിക്കുന്ന വിധവ പെന്‍ഷനും നാട്ടുകാര്‍ നല്‍കുന്ന സഹായത്തിലുമാണ് ലത ആയിരം രൂപ വീടു വാടകയും നല്‍കി കുട്ടിയുടെ കാര്യവും നോക്കുന്നത്. അപകടത്തില്‍പ്പെട്ട് കൈ ഒടിഞ്ഞതുകൊണ്ട് വീടുജോലിക്ക് പോലും പോകാന്‍ കഴിയാത്ത അവസ്ഥയിലാണ് ലത. ഒടിഞ്ഞ കൈ ചികിത്സിച്ചെങ്കിലും ഇന്നും മടക്കാനോ നിവര്‍ത്താനോ കഴിയാത്തതാണ് ലതയ്ക്ക് ജോലി ചെയ്യുന്നതില്‍ തടസ്സമായി പറയുന്നത്. ലതയുടെ മകള്‍ ഐശ്വര്യയുടെ മകളാണ് അഭിരാമി. ആദ്യ വിവാഹബന്ധം വേര്‍പ്പിരിഞ്ഞ ലതയുടെ മകള്‍ മറ്റൊരു വിവാഹം കഴിഞ്ഞ് പോയതു മുതല്‍ അഭിരാമി ലതയ്ക്കൊപ്പമാണ് കഴിയുന്നത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ കടുത്ത പ്രതിസന്ധിയാണ് ലത നേരിടുന്നത്. കൊറോണ രോഗപശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ ക്ലാസ്സുകളായതോടെ അഭിരാമിയുടെ പഠനം മുടങ്ങിയിരിക്കുകയാണ്.

ഇവരുടെ വീട്ടില്‍ സ്മാര്‍ട്ട് ഫോണോ ടെലിവിഷനോ ഇല്ല. വാങ്ങി നല്‍കാനും ആരുമില്ല. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയിലാണ് ലതയുടെ ദുരിതാവസ്ഥ കൃഷ്ണ കുമാര്‍ അറിയുന്നത്. അന്ന് തെരഞ്ഞെടുപ്പില്‍ ജയിച്ചില്ലെങ്കിലും തന്നെക്കൊണ്ട് ചെയ്യാന്‍ കഴിയുന്നത് ചെയ്യുമെന്ന് കൃഷ്ണകുമാര്‍ ഉറപ്പും നല്‍കിയിരുന്നു. തുടര്‍ന്ന് നിര്‍ദ്ദന കുടുംബത്തെ സഹായിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു കൃഷ്ണകുമാര്‍. എന്നാല്‍ അടിയന്തിരമായി അഭിരാമിയുടെ പഠന കാര്യങ്ങള്‍ നോക്കേണ്ടതുള്ളതുകൊണ്ട് കമലേശ്വരത്തെ കടയുടമയുടെ സഹായത്തില്‍ മൊബെല്‍ ഫോണ്‍ വാങ്ങി നല്‍കുകയായിരുന്നു. ശ്രീവരാഹത്തെ ലതയുടെ വീട്ടിലെത്തിയാണ് വിഷു കൈനീട്ടമായി മൊബൈല്‍ ഫോണ്‍ അഭിരാമിക്ക് നല്‍കിയത്. കൃഷ്ണ കുമാറിനൊപ്പം കടയുടമ രാജേശ്വരിയും ചടങ്ങില്‍ സാനിധ്യം വഹിച്ചു