Thursday, May 2, 2024
keralaNews

‘അര്‍ദ്ധരാത്രിയില്‍ വിരിഞ്ഞ നാട്ടുരാജാവിന്റെ ലീലാവിലാസങ്ങള്‍, സംരക്ഷണം നല്‍കാന്‍ ഇരട്ട ചങ്കനും’; ജലീലിനെതിരെ അബ്ദുറബ്ബ്

ബന്ധുനിയമന വിവാദത്തെത്തുടര്‍ന്ന് മന്ത്രി സ്ഥാനം രാജിവച്ച കെ.ടി. ജലീലിനെ പരിഹസിച്ച് മുന്‍ വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്. ബിസ്മി ചൊല്ലി മദ്യസേവ നടത്തുന്നവന്റെ ‘ധാര്‍മിക’പ്രഭാഷണമാണ് ഗത്യന്തരമില്ലാതെ പതിനൊന്നാം മണിക്കൂറില്‍ രാജിവെച്ചവന്റെ ന്യായീകരണ തള്ളുകള്‍ കാണു മ്പോള്‍ ഓര്‍മ്മവരുന്നത്. എല്ലാത്തിനും മേലൊപ്പ് ചാര്‍ത്തി സംരക്ഷണം നല്‍കാന്‍ സയാമീസ് ചങ്കനും ഉണ്ടെന്നും അബ്ദുറബ്ബ് പരിഹസിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കുറിപ്പിന്റെ പൂര്‍ണരൂപം……….

ബിസ്മി ചൊല്ലി മദ്യസേവ നടത്തുന്നവന്റെ ‘ധാര്‍മിക’പ്രഭാഷണമാണ് ഗത്യന്തരമില്ലാതെ പതിനൊന്നാം മണിക്കൂറില്‍ രാജിവെച്ചവന്റെ ന്യായീകരണ തള്ളുകള്‍ കാണുമ്‌ബോള്‍ ഓര്‍മ്മവരുന്നത്. ഉളുപ്പില്ലായ്മ ഉറപ്പാക്കുന്നവര്‍ക്ക് എന്തും ചേരും എന്നത് ആപ്ത വാക്യം. ജനാധിപത്യത്തെ രാജാഭരണമായി തെറ്റിദ്ധരിച്ച കൊച്ചാപ്പമാര്‍ ചെരുപ്പിനനുസരിച്ച് കാലു മുറിക്കുന്ന അത്ഭുത കാഴ്ചകളായിരുന്നു കഴിഞ്ഞ അഞ്ചു വര്‍ഷമായി നാം കണ്ടു കൊണ്ടിരുന്നത്.. മന്ത്രിക്കസേരയില്‍ ഇരിക്കാന്‍ അയോഗ്യനാണെന്ന് ലോകായുക്ത സംശയതീതമായി വിധിച്ചിട്ടും അധികാരത്തില്‍ അട്ടയെ പോലെ അള്ളിപ്പിടിച്ചിരിക്കാന്‍ അവസാനം ഹൈക്കോടതിയെ സമീപിച്ചെങ്കിലും ‘ഇയാള്‍ ഇപ്പോഴും മന്ത്രിയായി ഇരിക്കുന്നോ’ എന്ന ബഹുമാനപ്പെട്ട കോടതിയുടെ പരാമര്‍ശം കേട്ട ഉടന്‍ കണ്ടം വഴിയോടി ഇനി രക്ഷയില്ലെന്ന ഉറപ്പില്‍ തട്ടു ദോശ പോലെ ചുട്ടെടുത്ത രാജിക്കത്തിന് ധാര്‍മികതയുടെ പരിവേശം ചാര്‍ത്താന്‍ ഇച്ചിരി തൊലിക്കട്ടിയൊന്നും പോരാ..സിംഹാസനത്തിലേറിയ നാള്‍ തൊട്ട് മാര്‍ക്കുദാനം, മലയാളം സര്‍വ്വകലാശാലാ ഭൂമി ഇടപാട്, ഈന്തപ്പഴം തൊട്ട് വിശുദ്ധ ഖുര്‍ആന്‍ വരെ, നട്ടപ്പാതിരായിലെ സ്വപ്നാടനം മുതല്‍ തലയില്‍ മുണ്ടിട്ട് പ്രശ്ചന്ന വേഷത്തില്‍ കുറ്റന്വേഷണ ഏജന്‍സിക്ക് മുന്‍പില്‍ ഹാജരാവല്‍.. എന്തെല്ലാം കസര്‍ത്തായിരുന്നു അര്‍ദ്ധരാത്രിയില്‍ മൂക്കാതെ വിരിഞ്ഞ നാട്ടു രാജാവിന്റെ ലീലാ വിലാസങ്ങള്‍ എല്ലാത്തിനും മേലൊപ്പ് ചാര്‍ത്തി സംരക്ഷണം നല്‍കാന്‍ സയാമീസ് ചങ്കനും.. സയാമീസ് ചങ്കെന്നത് അലങ്കാരമല്ല, മറിച്ച് അതൊരു ജന്മ വൈകൃതമാണെന്ന് തിരിച്ചറിയുന്നിടത്ത് തീരാവുന്നതേയുള്ളു കേരളത്തിന്റെ പ്രശ്‌നങ്ങള്‍..