Saturday, May 18, 2024
indiaNews

ഉത്തരേന്ത്യയില്‍ കനത്ത മഴ : രണ്ടു ദിവസത്തിനിടെ 12 മരണം.

ഉത്തരേന്ത്യയില്‍ കനത്ത മഴ.കഴിഞ്ഞ രണ്ടു ദിവസത്തിനിടെ 12 മരണം. ഡല്‍ഹിയില്‍ ഫ്‌ലാറ്റിലെ സീലിങ് തകര്‍ന്ന് 58 വയസ്സുകാരിയായ സ്ത്രീ മരിച്ചു. രാജസ്ഥാനില്‍ മഴക്കെടുതിയില്‍ നാലു പേര്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറില്‍ കനത്ത മഴയില്‍ വീട് തകര്‍ന്ന് ഇന്നു പുലര്‍ച്ചെ സ്ത്രീയും ആറു വയസ്സുള്ള മകളും മരിച്ചു. ഹിമാചല്‍ പ്രദേശിലെ ഷിംലയില്‍ സമാനമായ സംഭവത്തില്‍ ഒരു കുടുംബത്തിലെ മൂന്നു പേര്‍ കൊല്ലപ്പെട്ടു. ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയില്‍ ഇന്നലെ രണ്ടു സൈനികര്‍ മുങ്ങിമരിച്ചിരുന്നു.

അടുത്ത രണ്ടു ദിവസങ്ങളില്‍ മഴ കൂടുതല്‍ ശക്തിപ്രാപിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഡല്‍ഹി, ഹരിയാന, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, രാജസ്ഥാന്‍, പഞ്ചാബ്, ജമ്മു കശ്മീര്‍ എന്നിവിടങ്ങളിലാണ് മഴ. ഡല്‍ഹിയില്‍ ഈ സീസണിലെ ഏറ്റവും ശക്തമായ മഴയാണ് രണ്ടു ദിവസമായി പെയ്യുന്നത്. ദേശീയ തലസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടര്‍ന്നു വന്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. 24 മണിക്കൂറിനുള്ളില്‍ നഗരത്തില്‍ 153 മില്ലിമീറ്റര്‍ മഴയാണ് രേഖപ്പെടുത്തിത്. 1982ന് ശേഷം ജൂലൈയില്‍ ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന മഴയാണിത്. ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലും കനത്ത മഴ തുടരുകയാണ്. ഗുരുഗ്രാമിന്റെ പല ഭാഗങ്ങളിലും വെള്ളക്കെട്ടും വൈദ്യുതി തടസ്സവും അനുഭവപ്പെട്ടു. എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഞായറാഴ്ച അവധി ഒഴിവാക്കി ജോലിയില്‍ പ്രവേശിക്കാന്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ നിര്‍ദേശിച്ചു.

രാജസ്ഥാനിലെ രാജ്‌സമന്ദ്, ജലോര്‍, പാലി, അജ്മീര്‍, അല്‍വാര്‍, ബന്‍സ്വാര, ഭരത്പുര്‍, ഭില്‍വാര, ബുന്ദി, ചിത്തോര്‍ഗഡ്, ദൗസ, ധൗല്‍പുര്‍, ജയ്പുര്‍, കോട്ട എന്നിവയുള്‍പ്പെടെ ഒമ്പതിലധികം ജില്ലകളില്‍ അതിശക്തമായ മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. തുടര്‍ച്ചയായ മഴയെയും മണ്ണിടിച്ചിലിനെയും തുടര്‍ന്ന് അമര്‍നാഥ് യാത്ര തുടര്‍ച്ചയായ മൂന്നാം ദിവസവും നിര്‍ത്തിവച്ചു. ഇന്നലെ റോഡിന്റെ ഒരു ഭാഗം തകര്‍ന്ന ശ്രീനഗര്‍-ജമ്മു ഹൈവേയില്‍ മൂവായിരത്തോളം വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുകയാണ്.