Monday, May 20, 2024
indiaNews

രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യന്‍ പ്രധാനമന്ത്രി ഈജിപ്തില്‍

കയ്‌റോ :രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഈജിപ്തിലെത്തി. യുഎസ് സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷം കയ്‌റോയില്‍ വിമാനമിറങ്ങിയ മോദിയെ, ഈജിപ്ഷ്യന്‍ പ്രധാനമന്ത്രി മുസ്തഫ മദ്ബൂലിയുടെ നേതൃത്വത്തില്‍ ഔദ്യോഗികമായി സ്വീകരിച്ചു. പ്രധാനമന്ത്രി പദത്തിലെത്തിയശേഷം നരേന്ദ്ര മോദിയുടെ ആദ്യ ഈജിപ്ത് സന്ദര്‍ശനമാണിത്. ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഔദ്യോഗിക സന്ദര്‍ശനത്തിനായി ഈജിപ്തിലെത്തുന്നത് 26 വര്‍ഷത്തെ നീണ്ട ഇടവേളയ്ക്കു ശേഷമാണെന്ന പ്രത്യേകതയുമുണ്ട്.

21 മുതല്‍ 23 വരെ യുഎസില്‍ നടത്തിയ സന്ദര്‍ശനത്തിനു ശേഷം ഇന്ത്യയിലേക്കുള്ള മടക്കയാത്രയിലാണ് മോദി ഈജിപ്തിലെത്തിയത്. ശനിയാഴ്ച ഉച്ചതിരിഞ്ഞു കയ്‌റോയില്‍ പ്രസിഡന്റ് അബ്ദല്‍ ഫത്താ അല്‍ സിസിയുമായി മോദി കൂടിക്കാഴ്ച. തുടര്‍ന്ന് ഈജിപ്തിലെ ഇന്ത്യന്‍ സമൂഹത്തിന്റെ സ്വീകരണം. ഞായറാഴ്ച രാവിലെ പ്രസിദ്ധമായ അല്‍ ഹക്കിം മസ്ജിദ് സന്ദര്‍ശിക്കും. ഇവിടെ അദ്ദേഹം അര മണിക്കൂറോളം സമയം ചെലവഴിക്കും. തുടര്‍ന്ന് ഒന്നാം ലോകയുദ്ധത്തില്‍ മരിച്ച ഇന്ത്യന്‍ സൈനികരുടെ ഹീലിയോപൊലിസ് സ്മാരകത്തില്‍ ശ്രദ്ധാഞ്ജലി അര്‍പ്പിക്കും.