Friday, May 17, 2024
keralaNews

പ്രിയ വര്‍ഗീസിനെതിരായ സിംഗിള്‍ ബഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് തള്ളി.

കണ്ണൂര്‍ സര്‍വകലാശാല അസോഷ്യേറ്റ് പ്രഫസര്‍ നിയമനത്തില്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിന്റെ ഭാര്യയായ പ്രിയ വര്‍ഗീസിനെതിരായ സിംഗിള്‍ ബഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് തള്ളി. യോഗ്യത കണക്കാക്കുന്നതില്‍ സിംഗിള്‍ ബഞ്ചിന് വീഴ്ച പറ്റിയെന്ന പ്രിയയുടെ വാദം അംഗീകരിച്ചാണ് ഉത്തരവ്. ഇതോടെ കണ്ണൂര്‍ സര്‍വകലാശാലയിലെ അസോഷ്യേറ്റ് പ്രഫസര്‍ നിയമനത്തിനു വേണ്ട അധ്യാപന പരിചയം ഇല്ലെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയത്. അഭിഭാഷകരുമായി ആലോചിച്ച് തുടര്‍നടപടി തീരുമാനിക്കുമെന്ന് പരാതിക്കാരനായ ജോസഫ് സ്‌കറിയ പ്രതികരിച്ചു.വിധിയില്‍ സന്തോഷമുണ്ടെന്നായിരുന്നു പ്രിയയുടെ പ്രതികരണം.പ്രിയ നല്‍കിയ അപ്പീല്‍ അനുവദിച്ചാണു ജസ്റ്റിസ് എ.ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് മുഹമ്മദ് നിയാസ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.
പ്രിയാ വര്‍ഗീസിനു നിയമനം നല്‍കിയത് നിബന്ധനകള്‍ പാലിച്ചല്ലെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് കണ്ടെത്തിയിരുന്നു.പ്രിയാ വര്‍ഗീസിന്റെ ഗവേഷണ കാലം അധ്യാപക പരിചയമായി കണക്കാക്കാനാകില്ലെന്നാണ് കോടതി നിരീക്ഷിച്ചത്.പ്രിയാ വര്‍ഗീസ് അവകാശപ്പെടുന്ന സേവനങ്ങള്‍ അധ്യാപന പരിചയം ആകില്ല. പ്രിയാ വര്‍ഗീസിന്റെ നിയമനത്തിനു മതിയായ യോഗ്യതയില്ല. യോഗ്യതകളെല്ലാം അക്കാദമികമായി കണക്കാക്കാനാകില്ല. അതിനാല്‍ പ്രിയാ വര്‍ഗീസിനു യോഗ്യതയുണ്ടോ എന്നു സര്‍വകലാശാല പുനഃപരിശോധിക്കണം.ലിസ്റ്റില്‍ നിലനിര്‍ത്തണോ എന്നു പരിശോധിച്ചു തീരുമാനിച്ച ശേഷം മാത്രം റാങ്ക് ലിസ്റ്റില്‍ തുടര്‍നടപടി എടുക്കാന്‍ പാടുള്ളു എന്നും സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഈ ഉത്തരവാണ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയത്.പ്രിയാ വര്‍ഗീസിനു യോഗ്യതയില്ലെന്ന് ആരോപിച്ച് ലിസ്റ്റില്‍ രണ്ടാം റാങ്കുകാരനായ ചങ്ങനാശേരി എസ്ബി കോളജ് മലയാളം വിഭാഗം മേധാവി ജോസഫ് സ്‌കറിയ നല്‍കിയ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്.