Saturday, May 18, 2024
Local NewsNewsUncategorized

എരുമേലി തോട്ടില്‍ കക്കൂസ് മാലിന്യം തള്ളിയ ആളെ തിരിച്ചറിഞ്ഞു

എരുമേലി: ശബരിമല തീര്‍ത്ഥാടനത്തിന്റെ ഭാഗമായി ആയിരക്കണക്കിന് അയ്യപ്പന്മാര്‍ കുളിക്കുന്ന വലിയ തോടിന് മുകളിലെ ചെറിയ തോട്ടില്‍ കക്കൂസ് മാലിന്യം തള്ളിയ ആളെയും – മാലിന്യം കൊണ്ടുവന്ന വാഹനവും തിരിച്ചറിഞ്ഞതായി എരുമേലി പോലീസ് എസ് എച്ച് ഒ പി പി അനില്‍ കുമാര്‍ പറഞ്ഞു. കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് മറ്റന്നൂര്‍ക്കരക്ക് സമീപമാണ് കക്കൂസ് മാലിന്യം തള്ളിയത് .റോഡില്‍ ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ പരിശോധനയില്‍ കക്കൂസ് മാലിന്യം തോട്ടില്‍ തള്ളിയത് കണ്ടെത്തുകയായിരുന്നു.  ഒരു കിലോമീറ്ററിലധികം ദൂരത്തില്‍ തള്ളിയ കക്കൂസ് മാലിന്യം തീര്‍ത്ഥാടകര്‍ കുളിക്കുന്ന വലിയ തോട്ടില്‍ എത്തിയതാണ് വലിയ പ്രതിസന്ധിയുണ്ടാക്കിയത്. പോലീസും – ആരോഗ്യ വകുപ്പും സംയുക്തമായി നടത്തിയ പരിശോധനയില്‍ തോട്ടില്‍ മാലിന്യം എത്തിയത് സ്ഥിരീകരിക്കുകയും തുടര്‍ന്ന് കുളിക്കുന്നത് തടയുകയുമായിരുന്നു. മാലിന്യം തള്ളിയ സംഭവത്തില്‍ പ്രതിക്കായി പോലീസ് നടത്തിയ ശക്തമായ അമ്പേഷണമാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ആലപ്പുഴയില്‍ നിന്നുള്ള വാഹനത്തിലാണ് മാലിന്യം തള്ളിയതെന്ന് പോലീസിന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ വാഹനം കസ്റ്റഡിയിലെടുത്ത് എരുമേലിക്ക് ഇന്ന് കൊണ്ടു വരുമെന്നും പോലീസ് പറഞ്ഞു.