Friday, May 17, 2024
indiaNewspolitics

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വോട്ടര്‍ ശ്യാം ശരണ്‍ നേഗി അന്തരിച്ചു

ഷിംല: സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വോട്ടര്‍ ശ്യാം ശരണ്‍ നേഗി ഇന്ന് രാവിലെ അന്തരിച്ചു. കഴിഞ്ഞ നവംബര്‍ 2-ന് ഹിമാചല്‍ പ്രദേശില്‍ നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ തന്റെ വോട്ടവകാശം വിനിയോഗിച്ച 106 വയസ്സുള്ള മുത്തശ്ശന്‍ ശ്യാം ശരണ്‍ നേഗി രാജ്യത്തെ ഓരോ പൗരന്മാര്‍ക്കും മാതൃകയായി മാറിയിരിക്കുന്നത് . വോട്ട് ചെയ്ത് രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ ഇന്ത്യയിലെ പ്രായം കൂടിയ ഈ വോട്ടര്‍ അന്തരിച്ചു. തപാല്‍ ബാലറ്റിലൂടെയാണ് ശ്യാം ശരണ്‍ നേഗി ഹിമാചല്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയത്. രാജ്യത്തോടുള്ള തന്റെ കടമ നിറവേറ്റിയ സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വോട്ടര്‍ കൂടിയായ ശ്യാം ശരണ്‍ നേഗിയെ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രശംസിക്കുകയും ചെയ്തിരുന്നു. 34-ാം തവണയാണ് ശ്യാം ശരണ്‍ നേഗി തന്റെ വോട്ടവകാശം വിനിയോഗിക്കുന്നത്. തിരഞ്ഞെടുപ്പില്‍ പങ്കെടുക്കാനും ജനാധിപത്യത്തെ ശക്തിപ്പെടുത്താനും യുവ വോട്ടര്‍മാര്‍ക്ക് നേഗി പ്രചോദനമെന്നായിരുന്നു പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചത്. ഏറ്റവും പ്രായമേറിയ വോട്ടറുടെ അന്ത്യകര്‍മ്മങ്ങള്‍ക്കായി ജില്ലാ ഭരണകൂടം ഒരുക്കങ്ങള്‍ നടത്തുകയാണ്. ശ്യാം ശരണ്‍ നേഗിയെ ആദരപൂര്‍വ്വം തന്നെ യാത്ര അയയ്ക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. നവംബര്‍ 2-ന് പോളിംഗ് സ്റ്റേഷനില്‍ പോയി താന്‍ വോട്ട് ചെയ്യാമെന്ന് പറഞ്ഞുകൊണ്ട് തിരഞ്ഞെടുപ്പ് കമ്മീഷന്റെ 12-ഡി ഫോം നേഗി തിരിച്ചു നല്‍കിയിരുന്നു. എന്നാല്‍, ഇതിനിടെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ കല്‍പ്പയിലെ അദ്ദേഹത്തിന്റെ വീട്ടിലെത്തി തപാല്‍ വോട്ട് രേഖപ്പെടുത്തുകയായിരുന്നു. 1917-ല്‍ ജനിച്ച ശ്യാം ശരണ്‍ നാട്ടിലെ അദ്ധ്യാപകനായിരുന്നു. 1951 മുതല്‍ എല്ലാ ലോക്സഭാ, വിധാന്‍ സഭ, മുനിസിപ്പല്‍ ഉള്‍പ്പെടെ എല്ലാ തിരഞ്ഞെടുപ്പുകളിലും വോട്ട് ചെയ്തിട്ടുണ്ട്. 2014-ല്‍ ശ്യാം ശരണ്‍ നേഗിയെ സംസ്ഥാന തിരഞ്ഞെടുപ്പ് ഐക്കണാക്കിയിരുന്നു.