Tuesday, April 30, 2024
keralaNewsObituary

മലപ്പുറത്ത് സര്‍ക്കാര്‍ സ്‌കൂള്‍ അദ്ധ്യാപകനെ കൊന്ന് പുഴയില്‍ തള്ളിയ കേസില്‍ യുവതിയും കാമുകനും പിടിയില്‍

മലപ്പുറം: സര്‍ക്കാര്‍ സ്‌കൂള്‍ അദ്ധ്യാപകനെ കൊന്ന് പുഴയില്‍ തള്ളിയ കേസില്‍ യുവതിയും കാമുകനും പിടിയില്‍. മുണ്ടേരി ഗവണ്മെന്റ് സ്‌കൂള്‍ അദ്ധ്യാപകനും കരുളായി ചെറുപുള്ളി സ്വദേശിയുമായ ബാബുവിനെ കൊന്ന് കരിമ്പുഴ പുന്നപ്പുഴയില്‍ തള്ളിയ കേസിലാണ് അറസ്റ്റ്. മൂത്തേടം സ്വദേശി ലത, ഉദിരകുളം സ്വദേശി ബിജു എന്നിവര്‍ പിടിയിലായത്. മദ്യപാനത്തെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. എടക്കര ബെവ്‌കോ ഔട്ട്‌ലെറ്റില്‍ നിന്നും മദ്യം വാങ്ങുന്നതിനിടെയാണ് ഇവര്‍ തമ്മില്‍ പരിചയപ്പെടുന്നത്. ഇക്കഴിഞ്ഞ ഉത്രാട ദിനത്തിലായിരുന്നു കൊലപാതകം. സംഭവം നടന്ന സെപ്റ്റംബര്‍ ഏഴിന് മൂവരും എടക്കര കാറ്റാടി പാലത്തിനടിയിലെ ലതയുടെ വീട്ടില്‍ വെച്ച് മദ്യപിച്ചു. തുടര്‍ന്ന് ഇവര്‍ തമ്മില്‍ തര്‍ക്കമായി. ഇതിനിടെ കൈയ്യില്‍ കരുതിയിരുന്ന മരവടി കൊണ്ട് ബിജു ബാബുവിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. അടിയേറ്റ് നിലത്തു വീണ ബാബുവിനെ ലതയും ബിജുവും ചേര്‍ന്ന് പുന്നപ്പുഴയില്‍ തള്ളുകയായിരുന്നു. സെപ്റ്റംബര്‍ 13ന് കരിമ്പുഴ പാലത്തിന് സമീപത്ത് നിന്നുമാണ് ബാബുവിന്റെ മൃതദേഹം കണ്ടെടുത്തത്. ഇയാളുടെ മൊബൈല്‍ ഫോണ്‍, പണമടങ്ങിയ പേഴ്‌സ് എന്നിവ പ്രതികള്‍ കൈക്കലാക്കിയിരുന്നു. ബാബുവിനെ കാണാനില്ലെന്ന സഹോദരിയുടെ പരാതിയില്‍ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു.