Thursday, May 2, 2024
keralaNews

ഗ്രാമസഭയിൽ കോറം തികഞ്ഞില്ല; ചോദ്യം ചെയ്ത സിപിഐക്കാരന്  സി പി എമ്മുകാരുടെ മർദ്ദനം 

എരുമേലി: ഗ്രാമപഞ്ചായത്ത് ആറാം വാർഡിൽ കോറം തികയാതെ ഗ്രാമസഭ ചേർന്നതിനെ  ചോദ്യം ചെയ്ത  സിപിഐക്കാരന് സി പി എമ്മുകാർ മർദ്ദിച്ചതായി സി പി ഐ നേതാക്കൾ പത്രസമ്മേളനത്തിൽ പറഞ്ഞു.ഇന്ന്  രാവിലെ ആറുമണിയോടെയായിരുന്നു സംഭവം. എരുമേലി ടൗണിലെ  ഓട്ടോറിക്ഷ തൊഴിലാളിയും, എ ഐ ടി യു സി ഓട്ടോ തൊഴിലാളി യൂണിയൻ എരുമേലി മേഖല സെക്രട്ടറിയുമായ റെജി വാളിപ്ലാക്കലിനാണ് മർദ്ദനമേറ്റത്. പരിക്കേറ്റ റജിയെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.രാവിലെ ആറുമണിയോടെ എരുമേലി  സ്റ്റാൻഡിലെത്തിയ ബാരി എന്നയാൾ റെജിയുടെ ഓട്ടോ  നേർച്ചപ്പാറയിലേക്ക് ഓട്ടം വിളിക്കുകയും തുടർന്ന് വഴിമധ്യേ ഡിവൈഎഫ് ഐ പ്രവർത്തകനായ വിഷ്ണുവും,ഏഴാം വാർഡ് മെമ്പർ ഷാനവാസും ബൈക്ക് വെച്ച് ഓട്ടോ തടഞ്ഞ് റജിയെ വിളിച്ചിറക്കി മർദ്ദിക്കുകയായിരുന്നുവെന്നും നേതാക്കൾ പറഞ്ഞു. വാഴക്കാല വാർഡിലെ  ഗ്രാമസഭയിൽ കോറം തികയാത്തത് ചോദ്യം ചെയ്തത് എന്തിനാണെന്ന് പറഞ്ഞായിരുന്നു മൂവരും ചേർന്നാണ് മർദ്ദിച്ചതെന്നും നേതാക്കൾ പറഞ്ഞു.
സിപിഐക്കാരായ റജിയും ,സുരേന്ദ്രനുമാണ് ഇന്നലെ  ഗ്രാമസഭയിലെത്തി കോറം തികയാതെ ഗ്രാമസഭ ചേർന്നതിനെതിരെ പരാതി നൽകിയത്. കോറം തികയാൻ 153 പേരാണ് വേണ്ടത്. എന്നാൽ 78 പേർ മാത്രമാണ് എത്തിയതെന്നും നേതാക്കൾ പറഞ്ഞു. ഗ്രാമസഭ ചേരുന്നത് സംബന്ധിച്ച് വാർഡിലെ വോട്ടർ എന്ന നിലയിൽ
വിവരങ്ങൾ അറിയാനും പരാതി നൽകാനും അവകാശമുണ്ട്. പരാതിപ്പെട്ട വോട്ടറെ മറ്റൊരു വാർഡിലെ  വാർഡംഗത്തിന്റെ നേതൃത്വത്തിൽ മർദ്ദിക്കുന്നത്  നീതീകരിക്കാനാവില്ല. ഇവർക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കമെന്നും അല്ലാത്ത പക്ഷം പോലീസ് സ്റ്റേഷനുകളിലേക്ക് പ്രതിഷധ മാർച്ച് നടത്തേണ്ടിവരുമെമെന്നും നേതാക്കൾ പറഞ്ഞു.എരുമേലി മീഡിയ സെന്ററിൽ നടന്ന പത്രസമ്മേളനത്തിൽ ഗ്രാമ പഞ്ചായത്ത്  വൈസ് പ്രസിഡന്റും സിപിഐ എരുമേലി ലോക്കൽ കമ്മറ്റി സെക്രട്ടറിയുമായ  അനുശ്രീ സാബു, മണ്ഡലം  കമ്മറ്റി അംഗങ്ങളായ വി.പി സുഗതൻ,സാബു എസ്,ടൗൺ ബ്രാഞ്ച് കമ്മറ്റി സെക്രട്ടറി കെ.ബി പുഷ്പനാഥ്,ലോക്കൽ കമ്മറ്റി അംഗം ഫിലിപ്പോസ് എ ഐ വൈ എഫ് സെക്രട്ടറി തേജസ്  എന്നിവർ പങ്കെടുത്തു.മർദ്ദനത്തിൽ പ്രതിഷേധിച്ച് എഐറ്റി സി യുടെ നേതൃത്വത്തിൽ എരുമേലി ടൗണിൽ  പ്രതിഷേധ പ്രകടനവും നടത്തി.