Saturday, May 18, 2024
keralaNewsObituary

ഏറ്റുമാനൂരില്‍ നടന്ന അപകടത്തില്‍പ്പെട്ട് മരിച്ചത് മുക്കട സ്വദേശിനി

ഏറ്റുമാനൂര്‍: അമിതവേഗതയിലെത്തിയ സ്വകാര്യ ബസിന്റെ ഓവര്‍ ടേക്കിംഗ് ശ്രമത്തിനിടെ സ്‌കൂട്ടറില്‍ യാത്ര ചെയ്ത യുവതിക്ക് ദാരുണാന്ത്യം. ഏറ്റുമാനൂര്‍ തവളക്കുഴി ജംഗ്ഷനില്‍ ഇന്ന് രാവിലെ 9.45 മണിയോടെ ആയിരുന്നു അപകടം.

എരുമേലി മുക്കട കൊച്ചുകാലായില്‍ മനോഹരന്റെ മകള്‍ സനില (19) ആണ് മരിച്ചത്. സ്‌കൂട്ടര്‍ ഓടിച്ചിരുന്ന പിതൃ സഹോദര പുത്രന്‍ കൂത്താട്ടുകുളം സ്വദേശി രാജരത്‌ന(25)ത്തിനെ പരിക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കൂത്താട്ടുകുളത്ത് നിന്നും എരുമേലിക്ക് പോകുകയായിരുന്നു ഇരുവരും. സ്‌കൂട്ടറിന്റെ പിന്നിലിരുന്ന് യാത്ര ചെയ്യുകയായിരുന്നു യുവതി. പിന്നാലെ അമിതവേഗതയില്‍ എത്തിയ എറണാകുളം – കോട്ടയം റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ആവേ മരിയ ബസ് മറികടക്കുന്നതിനിടെ സ്‌കൂട്ടറില്‍ തട്ടുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ സ്‌കൂട്ടറില്‍ നിന്നും റോഡിലേക്ക് തെറിച്ചു വീണ യുവതിയുടെ തലയില്‍ കൂടി ഇതേ ബസിന്റെ പിന്‍ ചക്രം കയറിയിറങ്ങുകയായിരുന്നു. എറണാകുളം കോട്ടയം റൂട്ടിലോടുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസുകള്‍ അമിത വേഗമാണന്താന്ന് ആരോപണം

സംഭവ സ്ഥലത്തുതന്നെ യുവതിയുടെ മരണം നടന്നിരുന്നു. അപകടം നടന്നതറിഞ്ഞ് ഓടിച്ചു പോയ ബസ് ഏതാനും ദൂരെ നിര്‍ത്തിയ ശേഷം ഡ്രൈവറും കണ്ടക്ടറും ഓടി രക്ഷപ്പെട്ടു. എന്നാല്‍ ഇരുവരേയും പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഡ്രൈവര്‍ നാട്ടകം സ്വദേശി മനു കെ ജയന്‍, കണ്ടക്ടര്‍ ഏറ്റുമാനൂര്‍ പട്ടിത്താനം സ്വദേശി ജിനോ എന്നിവരാണ് കസ്റ്റഡിയില്‍ ഉള്ളത്.

റോഡില്‍ പരന്ന രക്തവും തലച്ചോറിന്റെ അവശിഷ്ടങ്ങളും കോട്ടയത്ത് നിന്നെത്തിയ ഫയര്‍ഫോഴ്‌സ് സംഘം കഴുകി വൃത്തിയാക്കി. ഏറ്റുമാനൂര്‍ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ച് മൃതേദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.