Tuesday, May 21, 2024
indiaNewsworld

ഊര്‍ജ്ജപ്രതിസന്ധിയും, പണപ്പെരുപ്പവും; ശ്രീലങ്കയില്‍ സ്ഥിതിഗതികള്‍ രൂക്ഷം

കൊളംബോ: ഊര്‍ജ്ജപ്രതിസന്ധിയും, പണപ്പെരുപ്പവും രൂക്ഷമായ ശ്രീലങ്കയില്‍ സ്ഥിതിഗതികള്‍ രൂക്ഷമാകുന്നു.തലസ്ഥാന നഗരമായ കൊളംബോയുടെ വിവിധ മേഖലകളില്‍ ഇന്നലെയും ശക്തമായ പ്രതിഷേധങ്ങളാണ് നടന്നത്.                             

പതിഷേധങ്ങളെ നേരിടാന്‍ രാത്രി നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തി.ഇന്ന് പുലര്‍ച്ചെ അഞ്ചുമണിയോടെ സംഘര്‍ഷങ്ങള്‍ക്ക് അയവു വന്നതോടെയാണ് നിരോധനാജ്ഞ പിന്‍വലിക്കുന്നതായി പോലീസ് വ്യക്തമാക്കിയത്.

കൊളംബോ നോര്‍ത്ത്, സൗത്ത്, സെന്‍ട്രല്‍ ,നുഗെഗോഡ,മൗണ്ട്ന ലാവിനിയ,കെലാനിയ എന്നീ പ്രദേശങ്ങളിലായിരുന്നു ഇന്നലെ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരുന്നത്.

പ്രസിഡന്റിന്റെ വീട് വളഞ്ഞ് അക്രമം നടത്തിയ ഒരു സ്ത്രീയടക്കം 45 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് വിവരം.

ഇന്നലെ രാത്രി ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതബായ രാജപക്സേയുടെ വീടുവളഞ്ഞ ആയിരക്കണക്കിന് വരുന്ന പ്രതിഷേധക്കാര്‍ ഗോ ഹോം ഗോട്ട എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് പ്രതിഷേധിച്ചത്.

സുരക്ഷാ സേനയുടെ നിയന്ത്രണം ലംഘിച്ച് പ്രതിഷേധക്കാര്‍ അക്രമാസക്തരായതോടെ ശ്രീലങ്കന്‍ കരസേനയും നാവിക സേനയും ചേര്‍ന്ന് നഗരത്തിലുള്ള പ്രസിഡന്റിന്റെ വീടിന് സുരക്ഷ നല്‍കിയത്.

ഏകദേശം 22 ദശലക്ഷത്തോളം ജനങ്ങളുള്ള ശ്രീലങ്കയില്‍ 13 മണിക്കൂറാണ് ഇന്നലെ വൈദ്യുതി തടസ്സപ്പെട്ടത്.

വൈദ്യുതി ലാഭിക്കുന്നതിനായി തെരുവ് വിളക്കുകള്‍ വരെ അണച്ചിരിക്കുന്ന സാഹചര്യമാണ് രാജ്യത്ത് ആശുപത്രികളില്‍ മരുന്നുകളുടെ ദൗര്‍ബല്യം കാരണം ശസ്ത്രക്രിയകള്‍ മാറ്റി വയ്ക്കേണ്ട സാഹചര്യം വരെയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

രാജ്യത്തെ സ്ഥിതിഗതികള്‍ രൂക്ഷമായതോടെ കഴിഞ്ഞയാഴ്ച ഇന്ത്യയിലേക്ക് അനധികൃതമായി കടക്കാന്‍ ശ്രമിച്ച പതിനാറ് ശ്രീലങ്കന്‍ പൗരന്മാരെ പിടികൂടിയിരുന്നു.

കടല്‍മാര്‍ഗം തമിഴ്‌നാട്ടിലെ ധനുഷ്‌കോടി വഴി ഇന്ത്യയിലേക്ക് കടക്കാനായിരുന്നു ഇവരുടെ പദ്ധതി.എന്നാല്‍ രാമേശ്വരത്തിന് സമീപത്ത് വെച്ച് കോസ്റ്റ്ഗാര്‍ഡ് പിടികൂടുകയായിരുന്നു.

അഭയാര്‍ത്ഥികള്‍ ഇന്ത്യയിലെത്തിയതിന് പിന്നാലെ ശ്രീലങ്കന്‍ തമിഴര്‍ക്ക് സഹായം നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിനെ അനുവദിക്കുന്നതിന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അനുമതി തേടിയിരുന്നു.

അവശ്യവസ്തുക്കളും വൈദ്യുതിയും ഇന്ധനവും അടക്കമുള്ളവയും ലഭ്യമാകാത്ത സാഹചര്യത്തില്‍ ജനജീവിതം പൂര്‍ണമായും താറുമാറായിരിക്കുകയാണ്. 2020 മാര്‍ച്ചില്‍ തുടങ്ങിയ പ്രതിസന്ധി 2021 നവംബറോടെ രൂക്ഷമായി.

വിദേശനാണ്യ ശേഖരത്തിന്റെ കുറവാണ് ലങ്കയെ വലയ്ക്കുന്നതെന്നാണ് വിലയിരുത്തല്‍. ഭക്ഷ്യോത്പന്നങ്ങള്‍, ഇന്ധനം, മരുന്ന് തുടങ്ങി അടിസ്ഥാന കാര്യങ്ങളടക്കം ഒന്നിനും പണമില്ലാത്ത അവസ്ഥയാണ് രാജ്യത്തുള്ളത്.