രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് കേരളത്തില്‍
തിരുവനന്തപുരം: രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് കേരളത്തിലെത്തും. സംസ്ഥാനത്ത് വിവിധ പരിപാടികളില്‍ പങ്കെടുക്കാന്‍ ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെ ഇന്ത്യന്‍ വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് അദ്ദേഹം കണ്ണൂരിലെത്തുക. ഇന്ന് വൈകീട്ട് 3.30ന് കാസര്‍കോഡ് പെരിയ ക്യാമ്പസില്‍ നടക്കുന്ന കേന്ദ്ര സര്‍വകലാശാലയുടെ ബിരുദദാന ചടങ്ങില്‍ അദ്ദേഹം സംബന്ധിക്കും. ഇതിന് ശേഷം കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് കൊച്ചി നേവല്‍ എയര്‍ബേസിലെത്തും. 22ന് രാവിലെ 9.50ന് ദക്ഷിണ മേഖലാ നാവിക കമാന്‍ഡിന്റെ പരിപാടിയിലും രാഷ്ട്രപതി പങ്കെടുക്കും.
തുടര്‍ന്ന് ഐഎന്‍എസ് വിക്രാന്ത് സന്ദര്‍ശിക്കും. 23ന് രാവിലെ കൊച്ചിയില്‍ നിന്ന് തിരിച്ച് 11 മണിക്ക് തിരുവനന്തപുരം വിമാനത്താവളത്തിലെത്തും. രാവിലെ 11.30ന് പൂജപ്പുരയില്‍ പി.എന്‍ പണിക്കരുടെ വെങ്കല പ്രതിമ അനാച്ഛാദനവും രാഷ്ട്രപതി നിര്‍വഹിക്കും. 24ന് രാവിലെ രാജ്ഭവനില്‍ നിന്ന് തിരിച്ച് തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന രാഷ്ട്രപതി 9.50ന് ഡല്‍ഹിയിലേക്ക് മടങ്ങും.