Sunday, May 19, 2024
educationkeralaNews

പുതിയ അധ്യായന വര്‍ഷം ജൂണ്‍ ഒന്നിന് തന്നെ ആരംഭിക്കാന്‍ ധാരണ

സംസ്ഥാനത്തു കോവിഡ് വ്യാപനം കാരണം അടഞ്ഞു കിടക്കുന്ന സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്ക് ജൂണ്‍ ഒന്നിന് തന്നെ വിക്ടേഴ്‌സ് ചാനല്‍ വഴി പുതിയ അധ്യയനവര്‍ഷം ആരംഭിക്കാന്‍ ധാരണയായി. ഇതുസംബന്ധിച്ച് കൈറ്റ് സമര്‍പ്പിച്ച ശുപാര്‍ശകള്‍ കൂടി പരിഗണിച്ചായിരിക്കും തുടര്‍നടപടി സ്വീകരിക്കുക.പുതുതായി ചുമതലയേറ്റ പൊതുവിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ഇത് സംബന്ധിച്ച് നടത്തിയ ചര്‍ച്ചയില്‍ ഡിജിറ്റല്‍ ക്ലാസുകളുടെ വിശദാംശങ്ങള്‍ തേടി.

കഴിഞ്ഞവര്‍ഷത്തെ ഡിജിറ്റല്‍/ ഓണ്‍ലൈന്‍ ക്ലാസുകളുടെ ഫലപ്രാപ്തി വിലയിരുത്തണം.ഡിജിറ്റല്‍ ക്ലാസുകളുടെ ഗുണഫലം ലഭിക്കാത്ത വിദ്യാര്‍ഥികളുണ്ടെങ്കില്‍ കണ്ടെത്തി പരിഹാര നടപടികള്‍ സ്വീകരിക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജൂണ്‍ ഒന്നിന് തന്നെ വിക്ടേഴ്‌സ് ചാനല്‍ വഴി ക്ലാസുകള്‍ സംപ്രേഷണം ചെയ്യാന്‍ കൈറ്റ് ഒരുക്കം ആരംഭിച്ചു. നിലവിലത്തെ സാഹചര്യത്തില്‍ ഓണ്‍ലൈന്‍ ഡിജിറ്റല്‍ ക്ലാസുകള്‍ തുടരുക മാത്രമേ നിര്‍വാഹമുള്ളൂവെന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കി.ആദ്യഘട്ടത്തില്‍ പത്ത്, 12 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് വിക്ടേഴ്‌സിലെ ക്ലാസിന് പുറമെ സ്‌കൂള്‍തലത്തില്‍ ബന്ധപ്പെട്ട അധ്യാപകര്‍ ഓണ്‍ലൈന്‍ ക്ലാസ് നടത്തണമെന്ന നിര്‍ദേശവും കൈറ്റ് സര്‍ക്കാറിന് മുന്നില്‍ സമര്‍പ്പിച്ചിട്ടുണ്ട്