Thursday, April 25, 2024
Newspolitics

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തിന് പ്രത്യേക നിയമസഭ സമ്മേളനമില്ല മുഖ്യമന്ത്രി

തിരുവനന്തപുരം : സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് ഓഗസ്റ്റ് 14 അര്‍ദ്ധരാത്രി നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ച് ചേര്‍ക്കണമെന്ന പ്രതിപക്ഷ നേതാവിന്റെ ആവശ്യം തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍.                                         മന്ത്രിമാര്‍ക്ക് ജില്ലകളിലെ സ്വാതന്ത്ര ദിന പരിപാടികളില്‍ പങ്കെടുക്കേണ്ടത് ചൂണ്ടികാണിച്ചാണ് മുഖ്യമന്ത്രി പ്രത്യേക സഭാ സമ്മേളനം ചേരാനാകില്ലെന്ന് വ്യക്തമാക്കിയത്. പ്രത്യേക നിയമസഭ സമ്മേളനം ചേരാനാകില്ലെന്ന് കാണിച്ച് മുഖ്യമന്ത്രി പ്രതിപക്ഷ നേതാവിന് മറുപടി കത്തും നല്‍കി. 14 ന് അര്‍ധരാത്രിയോ മറ്റേതെങ്കിലും ദിവസമോ പ്രത്യക സമ്മേളനം ചേരണമെന്നായിരുന്നു വിഡി സതീശന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ മറ്റേതെങ്കിലും ദിവസം ചേരുന്നതില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയിട്ടില്ല.                                                          ഓഗസ്റ്റ് 14 അര്‍ദ്ധരാത്രി നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ച് ചേര്‍ക്കണമെന്നാവശ്യപ്പെട്ടാണ് നേരത്തെ പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ നിയമസഭ സ്പീക്കര്‍ക്കും മുഖ്യമന്ത്രിക്കും കത്ത് നല്‍കിയത്. സ്വാതന്ത്ര്യ സമര പോരാട്ടത്തിന്റെ ദീപ്ത സ്മരണ പുതുക്കുന്നതിനും മതേതര ജനാധിപത്യ മൂല്യങ്ങള്‍ ഉള്‍പ്പടെയുള്ള ഭരണഘടനാ തത്വങ്ങള്‍ സംരക്ഷിക്കുന്നതിനുമായി ഒന്നിച്ച് പോരാടുമെന്ന പ്രമേയം നിയമസഭ പാസാക്കണമെന്നും പ്രതിപക്ഷ നേതാവ് കത്തില്‍ ആവശ്യപ്പെട്ടിരുന്നു.                                                                                                                        സ്വാതന്ത്ര്യത്തിന്റെ 25-ാം വാര്‍ഷികമായ 1972 ഓഗസ്റ്റ് 14 ന് രാത്രി ഗവര്‍ണറുടെ സാന്നിദ്ധ്യത്തില്‍ കേരള നിയമസഭ പ്രത്യേക സമ്മേളനം ചേര്‍ന്നതും നാല്പതാം വാര്‍ഷികത്തിന്റെ ഭാഗമായി 1987 ഓഗസ്റ്റ് 13 ന് പ്രത്യേക സിറ്റിംഗ് നടത്തിയതും പ്രതിപക്ഷ നേതാവ് കത്തില്‍ ചൂണ്ടിക്കാട്ടി. ഓഗസ്റ്റ് 14 അര്‍ദ്ധ രാത്രിയില്‍ സഭ സമ്മേളിക്കുന്നതിന് അസൗകര്യമുണ്ടെങ്കില്‍ മറ്റൊരു ദിവസം കേരള നിയമസഭയുടെ ഒരു പ്രത്യേക സമ്മേളനം 75-ാം വാര്‍ഷികത്തിന്റെ ഭാഗമായി ചേരണമെന്നും പ്രതിപക്ഷ നേതാവ് അഭ്യര്‍ഥിച്ചു.