Wednesday, May 22, 2024
Newsworld

ഹമാസ് കേന്ദ്രങ്ങള്‍ തകര്‍ത്തു; ഗാസ നഗരം വളഞ്ഞ് ഇസ്രയേല്‍

ടെല്‍ അവീവ്: ഹമാസിനെതിരെ വെടിനിര്‍ത്തല്‍ അജണ്ടയിലേ ഇല്ലെന്നും ഹമാസിന്റെ നീക്കങ്ങളെ തകര്‍ത്ത് ഇസ്രയേല്‍ സൈന്യം ഗാസയിലേക്കുള്ള മുന്നേറ്റം ശക്തമാക്കിയതായും സൈനിക വക്താവ് അറിയിച്ചു. ഗാസ നഗരം പൂര്‍ണ്ണമായും വളഞ്ഞെന്ന് ഇസ്രയേല്‍ സൈന്യം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഹമാസ് കേന്ദ്രങ്ങള്‍ക്കും താവളങ്ങള്‍ക്കും നേരെ കനത്ത ആക്രമണമാണ് നടക്കുന്നത്. ഗാസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 9000 ആയി. ഗാസയിലെ മിക്ക സ്‌കൂള്‍ കെട്ടിടങ്ങളും ഇസ്രയേല്‍ ആക്രമണത്തില്‍ തകര്‍ന്നു. ലബനോന്‍ അതിര്‍ത്തിയിലും ഇസ്രയേല്‍ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. ഭൂഗര്‍ഭ തുരങ്കങ്ങള്‍ ഒളിത്താവളമാക്കിയാണ് ഹമാസ് ഇസ്രയേല്‍ സൈന്യത്തിന് നേരെ പ്രതിരോധം തീര്‍ക്കുന്നത്. ഗറില്ല മാതൃകയിലുള്ള പോരാട്ടാമാണ് ഹമാസ് നടത്തുന്നത്. തുരങ്കങ്ങളില്‍ നിന്നും ബോംബുകള്‍ ഉപയോഗിച്ചും കുഴി ബോബുംകള്‍ ഉപയോഗിച്ചുമുള്ള ആക്രമണത്തിന്റെ വീഡിയോ ഹമാസ് തന്നെ സമൂഹമാധ്യമങ്ങളിലൂടെ പുറത്ത് വിട്ടിരുന്നു. എന്നാല്‍ ശക്തമായി തിരിച്ചടിച്ച് സൈന്യം ഗാസ നഗരത്തെ വളഞ്ഞ് കഴിഞ്ഞു. ഹമാസിനെതിരെയുള്ള തിരിച്ചടിയുടെ ദൃശ്യങ്ങളും സൈനിക മുന്നേറ്റവും ഇസ്രയേലും പ്രചരിപ്പിക്കുന്നുണ്ട്. ഗാസ സിറ്റിയിലെ ജനവാസ കേന്ദ്രങ്ങളിലേക്ക് പോരാട്ടം മാറുന്നതോടെ മരണ സംഖ്യ ഇനിയും ഉയരും. ഗാസയിലെ ജബാലിയ അഭയാര്‍ഥി ക്യാമ്പിന് നേരെ ഇസ്രയേല്‍ നടത്തിയ ബോംബാക്രമണത്തില്‍ 195 ഫലസ്തീനികള്‍ കൊല്ലപ്പെട്ടുവെന്ന് ഹമാസ് നേതാക്കള്‍ വ്യക്തമാക്കി. ആക്രമണത്തില്‍ 50 പേര്‍ കൊല്ലപ്പെട്ടെന്നായിരുന്നു നേരത്തെ വന്ന റിപ്പോര്‍ട്ട്. ഇത് നിഷേധിച്ച ഹമാസ് നേതാക്കള്‍ ഇസ്രയേല്‍ ആക്രമണത്തിന്റെ ആഴം വലുതാണെന്ന് വ്യക്തമാക്കി രംഗത്തെത്തുകയായിരുന്നു. ഹമാസ് പ്രവര്‍ത്തകര്‍ ഗാസയിലെ വീടുകളില്‍ ഒളിച്ചിരുന്നും ആക്രമണം നടത്തുന്നുണ്ട്. ഇത് ചെറുക്കാന്‍ ഇസ്രയേല്‍ വീടുകളിലേക്ക് തിരിഞ്ഞാല്‍ മരണ സംഖ്യ ഇനിയും വലിയ തോതില്‍ ഉയരും. ഗാസയിലെ യുദ്ധത്തില്‍ ഇതുവരെ മരിച്ച പലസ്തീന്‍കാരുടെ എണ്ണം 9061 ആണെന്നാണ് ആരോഗ്യമന്ത്രാലയം പുറത്ത് വിട്ട കണക്ക്. 32,000 പേര്‍ക്കാണ് പരിക്കേറ്റത്.