Tuesday, June 18, 2024
Local NewsNews

സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരനെ ആക്രമിച്ച മൂന്നു പേര്‍ അറസ്റ്റില്‍

മുണ്ടക്കയം: മുണ്ടക്കയത്ത് പ്രവര്‍ത്തിക്കുന്ന സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരനെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. മുണ്ടക്കയം വണ്ടന്‍പതാല്‍ ഭാഗത്ത് മാളിയേക്കല്‍ വീട്ടില്‍ സ്റ്റിബിന്‍ സ്റ്റീഫന്‍ (30), മുണ്ടക്കയം കീച്ചന്‍പാറ ഭാഗത്ത് ചുങ്കത്തില്‍ വീട്ടില്‍ ദീപു ദിവാകരന്‍(30) മുണ്ടക്കയം വെള്ളനാടി ഭാഗത്ത് പുത്തന്‍പുരയ്ക്കല്‍ വീട്ടില്‍ രതീഷ്. ആര്‍ (21) എന്നിവരെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്.

ഇവര്‍ സംഘം ചേര്‍ന്ന് ഇന്നലെ (12.06.24) ഉച്ചയ്ക്ക് 3:30 മണിയോടുകൂടി മുണ്ടക്കയം പൈങ്കണ ഭാഗത്ത് അരിവാള്‍, വാക്കത്തി, സ്റ്റീല്‍ ദണ്ട് മുതലായ മാരകായുധങ്ങളുമായി കാറിലെത്തി ഇവിടെ പ്രവര്‍ത്തിക്കുന്ന സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ അതിക്രമിച്ചുകയറി ജീവനക്കാരനെ ആയുധങ്ങള്‍ ഉപയോഗിച്ച് ആക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമിക്കുകയുമായിരുന്നു. തടയാന്‍ ശ്രമിച്ച മറ്റു ജീവനക്കാരെയും ഇവര്‍ ആക്രമിച്ചു.

സ്ഥാപനത്തിലെ ജീവനക്കാരനായ യുവാവുമായി ഇവര്‍ക്ക് മുന്‍ വിരോധം നിലനിന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് ഇവര്‍ സംഘം ചേര്‍ന്ന് സ്ഥാപനത്തിലെത്തി ജീവനക്കാരെ ആക്രമിച്ചത്. തുടര്‍ന്ന് ഇവര്‍ സംഭവസ്ഥലത്തുനിന്ന് കടന്നു കളയുകയും ചെയ്തു. പരാതിയെ തുടര്‍ന്ന് മുണ്ടക്കയം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ഇവരെ പിടികൂടുകയുമായിരുന്നു. മുണ്ടക്കയം സ്റ്റേഷന്‍ എസ്.എച്ച്.ഓ ത്രീദീപ് ചന്ദ്രന്‍, എസ്.ഐ വിപിന്‍ കെ.വി, സി.പി.ഓ മാരായ പ്രശാന്ത്, റഫീഖ് എന്നിവര്‍ ചേര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയില്‍ ഹാജരാക്കി.