Thursday, May 9, 2024
keralaNewspolitics

സ്ത്രീധനവുമായി ബന്ധപ്പെട്ട കുറ്റവാളികളോട് ഒരു ദാക്ഷിണ്യവും ഉണ്ടാകില്ല – മുഖ്യമന്ത്രി പിണറായി വിജയന്‍

സ്ത്രീധനവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളോടും കുറ്റവാളികളോടും യാതൊരു ദാക്ഷിണ്യവും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്ത്രീധന പീഡനത്തെതുടര്‍ന്ന് ആത്മഹത്യ ചെയ്ത ബി.എ.എം.എസ് വിദ്യാര്‍ഥിനി വിസ്മയയുടെ ഭര്‍ത്താവ് കിരണ്‍ കുമാറിനെ (30) സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ട സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘മോട്ടോര്‍ വാഹന വകുപ്പ് കൊല്ലം റീജ്യനല്‍ ഓഫീസിലെ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആയിരുന്നു കിരണ്‍ കുമാര്‍.സാമൂഹ്യവിരുദ്ധതയും ഗുരുതരമായ നിയമലംഘനവും പെരുമാറ്റ ദൂഷ്യവും വഴി പൊതുജനങ്ങള്‍ക്കിടയില്‍ സര്‍ക്കാരിന്‍േറയും മോട്ടോര്‍ വാഹന വകുപ്പിന്‍േറയും അന്തസ്സിനും സല്‍പ്പേരിനും കളങ്കം വരുത്തിയിട്ടുള്ളതിനാല്‍ 1960-ലെ കേരളാ സിവില്‍ സര്‍വ്വീസ് ചട്ടം പ്രകാരമാണ് നടപടി. സര്‍ക്കാര്‍ ജീവനക്കാര്‍ സ്ത്രീധനം കൊടുക്കാനും വാങ്ങാനും പാടില്ല എന്ന 1960-ലെ സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടങ്ങളിലെ 93(ഇ)യുടെ ലംഘനവും ഈ കേസില്‍ നടന്നിട്ടുണ്ട്’-മുഖ്യമന്ത്രി ഫേസ് ബുക്കില്‍ കുറിച്ചു.

 

കിരണ്‍ കുമാറിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ട വിവരം ഗതാഗത മന്ത്രി ആന്റണി രാജുവാണ് ആദ്യം പുറത്തുവിട്ടത്.സ്ത്രീധന പീഡന കേസില്‍ ഒരാളെ സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് പരിച്ചുവിടുന്നത് ഇതാദ്യമായാണ്. കിരണ്‍ കുമാറിനെ ജൂണ്‍ 22ന് അന്വേഷണ വിധേയമായി സര്‍വ്വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യുകയും 45 ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. ഇതിന്റെ തുടര്‍നടപടിയായാണ് ഇപ്പോള്‍ പിരിച്ചുവിടുന്നത്. കൊല്ലം നിലമേല്‍ കൈതോട് കുളത്തിന്‍കര മേലേതില്‍ പുത്തന്‍വീട്ടില്‍ ത്രിവിക്രമന്‍ നായരുടെയും സജിതയുടെയും മകളാണ് മരിച്ച എസ്.വി. വിസ്മയ. ശൂരനാട് പോരുവഴി അമ്പലത്തുഭാഗം ചന്ദ്രവിലാസത്തില്‍ എസ്. കിരണ്‍കുമാറുമായി വിസ്മയയുടെ വിവാഹം 2020 മേയ് 31 ന് ആയിരുന്നു. 2021 2021 ജൂണ്‍ 21നാണ് ഭര്‍തൃവീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ വിസ്മയ മരിക്കുന്നത്. മകളുടെ മരണം കൊലപാതകമാണെന്ന് വിസ്മയയുടെ മാതാപിതാക്കള്‍ ആരോപിച്ചിരുന്നു.