Tuesday, May 14, 2024
keralaNews

സ്കൂളിലെ മോഷണം; വിധവയായ വീട്ടമ്മയേയും – മകനേയും പോലീസ്   പീഡിപ്പിക്കുന്നതായി പരാതി.

എരുമേലി: എരുമേലി വാവർ മെമ്മോറിയൽ ഹൈസ്കൂളിൽ നടന്ന  മോഷണവുമായി ബന്ധപ്പെട്ട് എരുമേലി പോലീസ് വിധവയായ വീട്ടമ്മയേയും -മകനേയും പീഡിപ്പിക്കു ന്നതായി പരാതി.എരുമേലി ചരള  സ്വദേശിനി  പേഴത്തുമാക്കൽ  സൗജമോളാണ് എരുമേലി പോലീസിനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. എരുമേലി മീഡിയ സെന്ററിൽ നടന്ന പത്ര സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ. മോഷണം നടന്നുവെന്ന് പറയുന്ന ദിവസം തന്റെ മകൻ വീട്ടിൽ തന്നെ ഉണ്ടായിരുന്നു.ചരളയിൽ കഴിഞ്ഞ ഏഴ് വർഷമായി  വാടകയ്ക്കാണ് താമസിക്കുന്നതെന്നും  തങ്ങൾക്കെതിരെ ഒരു പെറ്റിക്കേസുപോലും ഉണ്ടായിട്ടില്ലെന്നും അവർ പറഞ്ഞു.രണ്ടാഴ്ച മുമ്പ്  വീടിന് സമീപത്തുള്ള സ്കൂളിൽ നടന്ന മോഷണവുമായി ബന്ധപ്പെട്ടിട്ടുള്ള അന്വേഷണത്തിന്റെ ഭാഗമായി തന്നേയും -മകനേയും ഉൾപ്പെടെ നിരവധി പേരെ സ്റ്റേഷനിൽ വിളിച്ചു വരുത്തുകയും മകന്റെ വിരളടയാളം പരിശോധിച്ച് പോലീസ്  വിട്ടയക്കുകയായിരുന്നു. എന്നാൽ ഇന്നലെ വീണ്ടും പോലീസെത്തി മകനെ പിടിച്ചു കൊണ്ട് പോകാൻ ശ്രമമുണ്ടായപ്പോഴാണ് താൻ മണ്ണെണ്ണ ദേഹത്ത് ഒഴിച്ച്  ആത്മഹത്യക്ക് ശ്രമിച്ചതെന്നും അവർ പറഞ്ഞു. മകൻ നിരപരാധിയാണെന്നും പോലീസ് തങ്ങളെ ബോധപൂർവ്വം അപമാനിക്കുകയാണെന്നും അവർ പറഞ്ഞു.  അസുഖ ബാധിതനായ മകൻ യാതൊരു തെറ്റും ചെയ്തിട്ടില്ലെന്നും എന്നാൽ തെറ്റ് ചെയ്തവരെ പിടികൂടണമെന്നും അവർ പറഞ്ഞു, പോലീസ് ഞങ്ങളോട് അനീതി കാട്ടരുതെന്നും – ഇത് സംബന്ധിച്ച് ഉന്നതാധികാരികൾക്ക് പരാതി നൽകുമെന്നും അവർ പറഞ്ഞു. കഴിഞ്ഞ മാസം രണ്ടാം തിയതി വെളുപ്പിനായിരുന്നു മോഷണം.  സ്കൂളിലെ മൂന്ന് ഓഫീസ് മുറികൾ തുറന്ന് രണ്ട് ഓഫീസുകളിൽ നിന്നായി 9000 രൂപ മോഷണം പോയിരുന്നു.എരുമേലി എസ്.എച്ച്.ഒ മനോജ് എം. നേതൃത്വത്തിൽ അന്വേഷണം നടന്നു വരുന്നതിനിടെയാണ് പോലീസിനെതിരെ പരാതിയുമായി വീട്ടമ്മ രംഗത്തെത്തിയിരിക്കുന്നത്.
പോലീസ് പറയുന്നത്…….. 
മോഷണവുമായി ബന്ധപ്പെട്ട് സ്കൂൾ അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് അന്വേഷിക്കുന്നത്.ഇതിന്റെ ഭാഗമായി പലരേയും -പലതവണ വിളിച്ച് വരുത്തി ചോദ്യം ചെയ്യേണ്ടതായി വരുകയും ചെയ്യും. ഇന്നലെ  വീട്ടമ്മയുടെ വീട്ടിലെത്തി മകനെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുമ്പോഴാണ് അവർ ആത്മഹത്യക്ക് ശ്രമിച്ചതിനെ തുടർന്ന് പോലീസ് മടങ്ങിപ്പോരുകയുമായിരുന്നു.എന്നാൽ  പോലീസിന്റെ  ജോലി
തടസ്സപ്പെടുത്തിയതിന്  നാല് കുടുംബാംഗങ്ങൾക്കെതിരെ കേസ് എടുത്തതായും എരുമേലി പോലീസ് എസ് .എച്ച്.ഒ എം. മനോജ് പറഞ്ഞു.  മേഖലയിൽ കഞ്ചാവ് വിതരണവുമായി ബന്ധപ്പെട്ടുള്ളവരെക്കുറിച്ചുള്ള  അന്വേഷണമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.