Wednesday, May 1, 2024
keralaNews

സുഗന്ധഗിരി മരംമുറി: സസ്പന്‍ഷന്‍ വിശദീകരണം തേടിയിട്ട് നടപടി മതി; വനംമന്ത്രി

കല്‍പറ്റ: സുഗന്ധഗിരി മരംമുറിയില്‍ ഡിഎഫ്ഒ അടക്കമുള്ള മൂന്ന് ഉദ്യോഗസ്ഥരുടെ സസ്‌പെന്‍ഷന്‍ മരവിപ്പിച്ച് സര്‍ക്കാര്‍. സസ്‌പെന്‍ഷന്‍ ഉത്തരവിറങ്ങിയതിന് തൊട്ടു പിന്നാലെയാണ് അതിവേഗത്തിലുള്ള മരവിപ്പിക്കല്‍. സുഗന്ധഗിരി മരം മുറിയില്‍ മുഖംനോക്കാതെ കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കുമെന്നായിരുന്നു വനംമന്ത്രിയുടെ പ്രഖ്യാപനം, വനംവകുപ്പ് വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു സസ്‌പെന്‍ഷന്‍ ഉത്തരവ്.         സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌ന, ഫ്‌ലൈയിംഗ് സ്‌ക്വാഡ് റെയ്ഞ്ച് ഓഫീസര്‍ സജീവന്‍, ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ ബീരാന്‍കുട്ടി എന്നിവരെയാണ് ഇന്നലെ രാത്രി സസ്‌പെന്‍ഡ് ചെയ്തത്. പക്ഷെ ഉത്തരവിറങ്ങിയതിന് പിന്നാലെ ഇന്ന് എല്ലാം മരവിപ്പിച്ചു. വിശദീകരണം ചോദിച്ചശേഷം നടപടി മതി എന്നാണ് പുതിയ തീരുമാനമെന്നാണ് വനംവകുപ്പ് വിശദീകരണം. രാഷ്ട്രീയനേതൃത്വത്തിന്റെ ഇടപെടലാണ് അതിവേഗത്തിലുള്ള മരവിപ്പിക്കലിന് പിന്നില്‍ എന്നാണ് അറിയുന്നത്. എടുത്ത നടപടി മരവിപ്പിച്ചതില്‍ വനംവകുപ്പ് കടുത്ത വെട്ടിലായി.

വ്യാപകമായി മരംമുറിച്ചതില്‍ ഡിഎഫ്ഒ അടക്കമുള്ളവരുടെ വീഴ്ചകള്‍ സസ്‌പെന്‍ഷന്‍ ഉത്തരവില്‍ എടുത്തുപറഞ്ഞിരുന്നു. സര്‍ക്കാര്‍ താല്പര്യം സംരക്ഷിക്കുന്നതില്‍ ഡിഎഫ്ഒക്ക് വീഴ്ചയുണ്ടായെന്നായിരുന്നു ഉത്തരവിലെ വിമര്‍ശനം.

\റേഞ്ച് ഓഫീസര്‍ക്കും, ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ക്കും ഫീല്‍ഡ് പരിശോധനയില്‍ വീഴ്ചപറ്റിയെന്നും ഉത്തരവിലുണ്ടായിരുന്നു. വനംവകുപ്പിലെ 18 ഉദ്യോഗസ്ഥര്‍ക്കെതിരെയായിരുന്നു നടപടിക്ക് ശുപാര്‍ശ. ഇതില്‍ 9 പേര്‍ക്കെതിരെ നടപടി എടുത്തതില്‍ മൂന്ന് പേരുടെ സസ്‌പെന്‍ഷനാണ് ഇപ്പോള്‍ മരവിപ്പിച്ചത്