Monday, May 13, 2024
indiaNewspolitics

സിന്‍ഡിക്കേറ്റ് സംസ്‌കാരമുള്ള ചിലര്‍ പോകുന്നു അത് പാര്‍ട്ടിയെ ബാധിക്കില്ല: ദിലീപ് ഘോഷ്

കൊല്‍ക്കത്ത: തൃണമൂല്‍ വിട്ട് ബി.ജെ.പിയില്‍ ചേക്കേറുകയും പിന്നീട് തൃണമൂല്‍ കോണ്‍ഗ്രസില്‍ തന്നെ മടങ്ങുകയും ചെയ്ത മുകുള്‍ റോയിയെ രൂക്ഷമായി വിമര്‍ശിച്ച് ബംഗാള്‍ ബി.ജെ.പി അധ്യക്ഷന്‍. ഇടയ്ക്കിടെ പാര്‍ട്ടി മാറുന്ന ആളാണ് മുകുള്‍ റോയിയെന്ന് ബംഗാള്‍ ബി.ജെ.പി അധ്യക്ഷന്‍ ദിലീപ് ഘോഷ് പരിഹാസ രൂപേണ വിമര്‍ശിച്ചു. പണ മോഷണവും – സിന്‍ഡിക്കേറ്റ് സംസ്‌കാരമുള്ള തൃൂണമൂല്‍ കോണ്‍ഗ്രസില്‍ നിന്നും വരുന്ന ആളുകള്‍ക്ക് ബി.ജെ.പിയില്‍ തുടരുന്നത് ബുദ്ധിമുട്ടായിരിക്കുമെന്നും ദിലീപ് ഘോഷ് വിമര്‍ശിച്ചു . മുകുള്‍ റോയി പാര്‍ട്ടി വിട്ടത് ബി.ജെ.പിക്ക് ഒരിക്കലും തിരിച്ചടിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു .

”പരിചയസമ്പന്നനായ രാഷ്ട്രീയക്കാരനാണ് മുകുള്‍ റോയി. ഇതെല്ലാം മുകുള്‍ റോയി കൃത്യമായ ആസൂത്രണത്തോടെ ചെയ്തതായിരിക്കണം. എന്നാല്‍, അദ്ദേഹം പാര്‍ട്ടി വിടുന്നത് ബി.ജെ.പിയെ ഒരു തരത്തിലും ബാധിക്കില്ല. ആയിരക്കണക്കിന് ആളുകള്‍ പാര്‍ട്ടിയില്‍ ചേരുന്നു, പ്രശ്നമുള്ള ചിലര്‍ പോകുന്നു. അത് അവരുടെ വ്യക്തിപരമായ പ്രശ്നമാണ്, പാര്‍ട്ടിയുടേതല്ല – ബി.ജെ.പി നേതാവ് കൂട്ടിച്ചേര്‍ത്തു. 2017ല്‍ ബി.ജെ.പിയില്‍ ചേക്കേറിയ മുകുള്‍ റോയി കഴിഞ്ഞ ദിവസമാണ് തൃണമൂലില്‍ തിരിച്ചെത്തിയത്. സ്ഥാപകാംഗമായ മുകുള്‍ റോയിക്ക് പിന്നാലെ നിരവധി നേതാക്കള്‍ അന്ന് തൃണമൂല്‍ വിട്ടിരുന്നു. അതെ സമയം മുകുള്‍ റോയിക്ക് പിന്നാലെ പ്രമുഖ നേതാവ് രജീബ് ബാനര്‍ജിയും തൃണമൂലിലേക്ക് മടങ്ങാനൊരുങ്ങുകയാണെന്നാണ് അഭ്യൂഹങ്ങള്‍ .