Wednesday, May 15, 2024
indiaNewsSports

സാഫ് കപ്പില്‍ ഇന്ത്യ – പാകിസ്താനെ തകര്‍ത്തു

ബംഗളൂരു സാഫ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പാകിസ്താനെ തകര്‍ത്ത് ഇന്ത്യ. ഈ വിജയത്തോടെ ഇന്ത്യ ഗ്രൂപ്പ് എ യില്‍ ഒന്നാമതെത്തി. ഇന്ത്യക്കായി നായകന്‍ സുനില്‍ ഛേത്രി ഹാട്രിക് ഗോളുകള്‍ നേടിയപ്പോള്‍ ഉദാന്ത സിങിന്റെ വകയായിരുന്നു നാലാം ഗോള്‍. ഛേത്രിയുടെ രണ്ട് ഗോളുകള്‍ പെനല്‍റ്റിയിലൂടെയായിരുന്നു. 10-ാം മിനിറ്റില്‍ പാക് ഗോള്‍ കീപ്പറുടെ പിഴവില്‍ നിന്നായിരുന്നു ഛേത്രിയുടെ ആദ്യ ഗോള്‍. ഇന്ത്യന്‍ ക്യാപ്റ്റന്‍ ഛേത്രിയുടെ സമ്മര്‍ദമാണ് ഫലം കണ്ടത്. ഛേത്രി ഓടിയടുത്തപ്പോള്‍ ഗോള്‍ കീപ്പര്‍ പന്ത് ക്ലിയര്‍ ചെയ്യാന്‍ ശ്രമിച്ചു. എന്നാല്‍ ശ്രമം ഫലം കണ്ടില്ല പന്ത് റാഞ്ചിയ ഛേത്രി അനായാസം വല കുലുക്കി. 16-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ഛേത്രി ലീഡുയര്‍ത്തി. 74-ാം മിനിറ്റില്‍ ലഭിച്ച മറ്റൊരു പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ഛേത്രി ഹാട്രിക് പൂര്‍ത്തിയാക്കി. ഹാട്രിക്കോടെ ഛേത്രിക്ക് ഇന്ത്യന്‍ ജേഴ്സിയില്‍ 90 ഗോളുകളായി.                                                                                          74ാം മിനുറ്റില്‍ ലഭിച്ച പെനല്‍റ്റി ഛേത്രി ലക്ഷ്യത്തിലെത്തിച്ചതോടെ ഇന്ത്യയുടെ ലീഡ് നില മൂന്നായി. 81 ാം മിനുറ്റില്‍ പകരക്കാരന്‍ ഉദാന്ത സിങ് കൂടി ഗോള്‍ നേടിയതോടെ ഇന്ത്യയുടെ ഗോള്‍ നേട്ടം നാലായി. പിന്നെ ചടങ്ങുകള്‍ മാത്രമായി. വാശിയേറിയ പോരാട്ടം ആയതിനാല്‍ കളി കയ്യാങ്കളിയിലേക്കും എത്തിയിരുന്നു. പരിശീലകന്‍ ഇഗോര്‍ സ്റ്റിമാച്ചിന് ചുവപ്പ് കാര്‍ഡ് നേരിടേണ്ടി വന്നു. മത്സരത്തിന്റെ ആദ്യ പകുതിയിലായിരുന്നു കയ്യാങ്കളി. ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പ് വിജയത്തിന്റെ തിളക്കത്തിലാണ് ഛേത്രിയും സംഘവും സാഫ് കപ്പില്‍ മത്സരിക്കാനിറങ്ങിയത്. വിസ പ്രശ്നങ്ങള്‍ കാരണം ബംഗളൂരുവില്‍ വൈകിയെത്തിയ പാകിസ്ഥാന് കാര്യമായ പരിശീലനമൊന്നും ലഭിച്ചിരുന്നില്ല. സഹല്‍ അബ്ദുല്‍ സമദും ആഷിക് കുരുണിയനുമായിരുന്നു ടീമിലെ മലയാളി സാന്നിധ്യം. ഫിഫ റാങ്കില്‍ നിലവില്‍ ഇന്ത്യ 101-ാം സ്ഥാനത്താണ്. പാകിസ്ഥാന്‍ 195-ാം സ്ഥാനത്തും.