Saturday, April 27, 2024
indiakeralaNewspolitics

സഹകരണ ബാങ്ക് തട്ടിപ്പ് : എന്‍ഡിഎ ആലത്തൂര്‍ സ്ഥാനാര്‍ത്ഥിക്ക് പ്രധാനമന്ത്രിയുടെ ഉറപ്പ്

പാലക്കാട്: ആലത്തൂര്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി പ്രൊഫ. ടി.എന്‍ സരസുവുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഫോണ്‍വഴിയായിരുന്നു അദ്ദേഹം സരസുവുമായി ആശയ വിനിമയം നടത്തിയത്. കേരളത്തില്‍ നടന്ന സഹകരണ ബാങ്ക് തട്ടിപ്പിനെക്കുറിച്ചും ദുരിതത്തിലായ നിക്ഷേപകരെക്കുറിച്ചുമുള്ള കാര്യങ്ങള്‍ അവര്‍ പ്രധാനമന്ത്രിയെ ധരിപ്പിച്ചു. ഉറപ്പായും നടപടി സ്വീകരിക്കുമെന്നും ഒരാളുടെ പൈസയും നഷ്ടപ്പെടില്ലെന്നും പ്രധാനമന്ത്രി സരസുവിന് ഉറപ്പ് നല്‍കി.

സംഭാഷണം ഇങ്ങനെ…. 

സരസു: ”കേരളത്തില്‍ സിപിഎം നേതാക്കള്‍ ഭരിക്കുന്ന സഹകരണ ബാങ്കുകളില്‍ വലിയൊരു പ്രശ്‌നമുണ്ട്. പാവപ്പെട്ടവര്‍ നിക്ഷേപിച്ച പണം നേതാക്കള്‍ ചേര്‍ന്ന് കൊള്ളയടിച്ചു. ഒരാള്‍ക്ക് പോലും പണം തിരികെ ലഭിക്കുന്നില്ല. ദുരിതത്തിലായവര്‍ വലിയ പരാതി പറയുന്നുണ്ട്. ഇവരുടെ പരാതി പരിഹരിക്കാന്‍ അങ്ങേക്ക് എന്തെങ്കിലും ചെയ്യാനാവുമോ..?’

പ്രധാനമന്ത്രി….

”ഒരു സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ നിങ്ങള്‍ ജനങ്ങളുടെ പ്രശ്നങ്ങള്‍ ഏറ്റെടുക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. ഏതൊരു പൊതുപ്രവര്‍ത്തകനും ചെയ്യേണ്ട കാര്യമാണത്. അതെ, ഞാന്‍ തട്ടിപ്പിനെക്കുറിച്ച് കേട്ടിട്ടുണ്ട്. എനിക്ക് അതിനെക്കുറിച്ച് ചില വിശദാംശങ്ങള്‍ അറിയാം. തട്ടിപ്പ് ഒരുപാട് പാവപ്പെട്ടവരെ ബാധിച്ചുയെന്നത് യാഥാര്‍ത്ഥ്യമാണ്. ഇതില്‍ ഉള്‍പ്പെട്ട എല്ലാവര്‍ക്കുമെതിരെ സര്‍ക്കാര്‍ കര്‍ശനമായ നടപടിയെടുക്കും. പാവപ്പെട്ടവര്‍ക്ക് നീതി ഉറപ്പാക്കുന്ന സര്‍ക്കാരാണിത്. നിയമോപദേശം തേടിയിട്ടുണ്ട്, ഇഡി കണ്ടുകെട്ടിയ സ്വത്തുകളില്‍ പാവപ്പെട്ടവരുടെ പണം ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അര്‍ഹതപ്പെട്ടവര്‍ക്ക് ഒരു പൈസ പോലും നഷ്ടമാകാതെ എല്ലാം തിരികെ നല്‍കും. ഞങ്ങള്‍ അത് ഉറപ്പായും ചെയ്യും.’