Saturday, May 18, 2024
Uncategorized

സമര നായകന്‍ നേരിട്ടെത്തി; പള്ളിപ്രം കോളനി വാസികള്‍ക്ക് സന്തോഷം

കണ്ണൂര്‍ നഗരത്തിന് സമീപത്തെ പള്ളിപ്രം കോളനി നിവാസികള്‍ക്ക് ബിജെപി അധ്യക്ഷന്‍ കെ. സുരേന്ദ്ര നോട് പറയാനുണ്ടായിരുന്നത് നിരവധി സങ്കടങ്ങള്‍. തങ്ങളുടെ പ്രിയ നേതാവ് കോളനിയിലേക്ക് വന്നപ്പോള്‍ കെട്ടിപ്പിടിച്ചും ഒപ്പം ചിത്രങ്ങള്‍ പകര്‍ത്തിയും അവര്‍ സന്തോഷം പങ്കിട്ടു. കോളനി നിവാസികളുടെ ഇല്ലായ്മകളുടെ ദുരിത ജീവിതം കണ്ടറിഞ്ഞ സുരേന്ദ്രന്‍ മാറ്റത്തിനായി അവര്‍ക്കൊപ്പം നില്‍ക്കുമെന്ന് ഉറപ്പു നല്‍കി. കുടിവെള്ള പ്രശനം മുതല്‍ കുട്ടികളുടെ പഠനത്തിനുള്ള സൗകര്യമില്ലായ്മ വരെ അവര്‍ സുരേന്ദ്രനു മുന്നില്‍ നിരത്തി. വിജയ യാത്രയുടെ മൂന്നാം ദിനം രാവിലെ കക്കാട് പള്ളിപ്രം കോളനിയിലെത്തിയ കെ.സുരേന്ദ്രന്‍ കെട്ടിട നിര്‍മ്മാണ തൊഴിലാളിയായ മടപ്പുരയില്‍ സജേഷിന്റെ വീട്ടില്‍ നിന്ന് പ്രഭാത ഭക്ഷണം കഴിച്ചു. സജേഷിന്റെ ഭാര്യ രജനി ,മക്കള്‍ ഗോകുല്‍ ,യദുല്‍ എന്നിവര്‍ ചേര്‍ന്ന് സുരേന്ദ്രനെ സ്വീകരിച്ചു. ബിജെപി കണ്ണൂര്‍ മണ്ഡലം പ്രസിഡണ്ട് കെ.രതീഷ് , വൈസ് പ്രസിഡന്റ് എം.വി. പ്രേമരാജന്‍, ജനറല്‍ സെക്രട്ടറി കെ.കെ. ശശിധരന്‍ , എന്‍. കെ. സദാനന്ദന്‍ , എസ് സി മോര്‍ച്ച മണ്ഡലം പ്രസിഡന്റ് അരിങ്ങളേയന്‍ ശശീന്ദ്രന്‍ , ബിജെപി ചേലോറ പഞ്ചായത്ത് സെക്രട്ടറി പി. സുമേഷ് എന്നിവരും സുരേന്ദ്രനെ സ്വീകരിക്കാനെത്തി.

കോളനിയിലെ വിവിധ വീടുകളില്‍ നിന്ന് അമ്മമാരും കുട്ടികളുമടക്കം ആബാലവൃദ്ധം ജനങ്ങള്‍ സമരനായകന്‍ സുരേന്ദ്രനെ കാണാനെത്തി. ശബരിമല സമരനായകനെ അരികില്‍ കണ്ടപ്പോള്‍ അമ്മമാര്‍ക്ക് സന്തോഷം. ആചാരവും വിശ്വാസവും സംരക്ഷിക്കാന്‍ സുരേന്ദ്രന്‍ നടത്തിയ സമാനതകളില്ലാത്ത പോരാട്ടത്ത അവര്‍ ഓര്‍ത്തെടുത്തു. സ്വന്തം മകനോടെന്ന പോലെ അമ്മമാര്‍ വാത്സല്യം ചൊരിഞ്ഞപ്പോള്‍ ജ്യേഷ്ഠസഹോദരനെ പോലെ യുവജനങ്ങള്‍ ചേര്‍ന്നു നിന്നു. കുട്ടികള്‍ക്ക് സുരേന്ദ്രന്‍ എല്ലാമായി. അവരോടൊപ്പം ചിത്രമെടുത്തും കുശലം പറഞ്ഞും അദ്ദേഹം അവരിലൊരാളായി. പള്ളിപ്രം കോളനി നിവാസികള്‍ക്ക് ഇത് പുത്തന്‍ അനുഭവമായിരുന്നു. തങ്ങള്‍ ഏറെ വിശ്വസിക്കുന്ന, പ്രതീക്ഷയും ആവേശവുമായ പ്രിയ നേതാവിന്റെ സന്ദര്‍ശനം അവര്‍ക്ക് ഏറെ സന്തോഷം പകരുന്നതായി. കോളനി നിവാസികളോട് യാത്ര പറഞ്ഞ്, വീണ്ടും വരുമെന്ന് ഉറപ്പു നല്‍കി വിജയ യാത്രാ നായകന്‍ കെ.സുരേന്ദ്രന്‍ കോഴിക്കോട് ജില്ലയിലെ ആദ്യ സ്വീകരണയിടമായ വടകരയിലേക്ക് നീങ്ങി…